തബൂക്കില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ആറ് മാസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചു

Update: 2022-03-22 18:03 GMT

തബൂക്ക്: സൗദിയിലെ തബൂക്കില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ആറ് മാസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചു. തമിഴ്‌നാട്, ത്രിച്ചിനപ്പള്ളി, ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷി(30) ന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 15 ന് തബൂക്ക് ഷര്‍മ്മയില്‍ വെച്ചായിരുന്നു അപകടം. ജഗദീഷ് സഞ്ചരിച്ച കാറില്‍ സ്വദേശി പൗരന്‍ ഓടിച്ച ട്രെയ്‌ലര്‍ വാഹനം ഇടിച്ചാണ് മരണപ്പെടുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കള്‍ ആരുമെത്താത്തതിനാല്‍ മൃതദേഹം അല്‍ബദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ ബന്ധുക്കള്‍ തമിഴ്‌നാട് എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുകയും അവര്‍ തബൂക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമായിരുന്നു.

സോഷ്യല്‍ ഫോറം തബൂക്ക് കോഡിനേറ്റര്‍ മജീദ് വെട്ടില, ഫോറം പ്രവര്‍ത്തകരായ ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാന്‍ കുളത്തൂപ്പുഴ എന്നിവര്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി.

മരണപ്പെട്ട വ്യക്തിയെ സ്‌പോണ്‍സര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പെ ഹുറൂബാക്കിയിരുന്നു. നടപടിക്രമങ്ങള്‍ക്കായി സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. കാര്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. മാത്രമല്ല, ദീര്‍ഘകാലം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടക്കാനുണ്ടായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ജിദ്ദ ഇന്ത്യന്‍ കോന്‍സുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ബന്ധപെട്ട രേഖകള്‍ തയ്യാറാക്കുന്നതിനും മറ്റു നടപടികള്‍ക്കും സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ അബ്ദുല്‍ബഷീര്‍ ഉപ്പിനങ്ങാടി ചുമതലയേറ്റു.

നാട്ടിലേക്ക് കൊണ്ടുപോവാന്‍ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോളാണ് കൊവിഡ് പോസിറ്റീവാണെന്നും നാട്ടിലയക്കാന്‍ സാധിക്കുകയില്ലെന്നും അധികൃതര്‍ അറിയിക്കുന്നത്.

വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.

നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി 500 കിലോമീറ്റര്‍ അകലെ കൊവിഡ് രോഗികളെ മറവ് ചെയ്യന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാനാവശ്യമായി വന്ന സാമ്പത്തിക ബാധ്യത ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിഭാഗവും സോഷ്യല്‍ ഫോറവും സംയുക്തമായാണ് വഹിച്ചത്. സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടല്‍മൂലം

ഹോസ്പിറ്റലില്‍ അടയ്‌ക്കേണ്ട തുക ഒഴിവാക്കി. ഇതിന് വേണ്ടി സഹായിച്ച തമിഴ്‌നാട്ടിലെ എസ്ഡിപിഐ ഘടകത്തിനും,

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച ജിദ്ദ ഇന്ത്യന്‍ കോന്‍സുലേറ്റിനും, സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകന്‍ ഉണ്ണി മുണ്ടുപറമ്പിലിനും മരണപ്പെട്ട രാജ ജഗദീഷിന്റ കുടുംബം നന്ദി അറിയിച്ചു.

Tags:    

Similar News