നടിയെ ആക്രമിച്ച കേസ്: ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും, വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും കോടതി ചുണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലാണ്.