നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം കോടതി തള്ളി. ജഡ്ജിക്കെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍തന്നെ കേസിന്റെ വാദം തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റണമെന്നുമുള്ള അതിജീവിതയുടെ ഹരജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹരജി പരിഗണിച്ചത്. ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും കേസിലെ പ്രതിയായ ദിലീപും തമ്മില്‍ അടുത്ത സൗഹൃദത്തിലാണെന്നും ഇത് കേസിന്റെ വിധിയെ ബാധിക്കുമെന്നുമായിരുന്നു നടിയുടെ വാദം. ദിലീപുമായി ഇവര്‍ക്കുള്ള ബന്ധത്തിന്റെ ചില തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഹരജിക്കാരി കോടതിയില്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കം ചോര്‍ന്നിട്ടും ജഡ്ജി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.
ജഡ്ജിമാര്‍ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് വിധിയില്‍ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ അഭിഭാഷകന്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും അത്തരത്തിലൊരു കീഴ്‌വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യവിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.