നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് കോടതിയില്‍ നിന്നും നേരിടേണ്ടിവന്നത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നതിന് നേരിട്ടുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാണിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. തെളിവായി രേഖകളുണ്ടെങ്കില്‍ ഹാജരാക്കുകയാണ് വേണ്ടത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവശ്യമായ എന്ത് തെളിവാണുള്ളതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിക്കുകയും ചെയ്തു. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണമുന്നയിക്കരുത്. പൊതുജനാഭിപ്രായം നോക്കിയല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ കൃത്യമായ തെളിവുകളുമായി കോടതിയിലെത്തണമെന്നാണ് വിചാരണ കോടതി നിര്‍ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ എന്ത് തെളിവാണ് ഹാജരാക്കുകയെന്നത് പ്രസക്തമാണ്.