കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത; ദിലീപിന്റെ ഹരജി ഉത്തരവിനായി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലെ അന്വേഷണ റിപോര്‍ട്ടിലെ സാക്ഷി മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതക്ക് നല്‍കരുതെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി. ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ ദിലീപ് നല്‍കിയ ഹരജി വാദങ്ങള്‍ പൂര്‍ത്തിയായതോടെ വിധി പറയാന്‍ മാറ്റുകയായിരുന്നു.
ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ച് ജില്ലാ ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലെ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിത ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അതിജീവിത ഹൈകോടതിയെ സമീപിക്കുകയും മൊഴിപ്പകര്‍പ്പുകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ ഹൈകോടതി ഉത്തരവിടുകയും കോടതി ചെയ്തിരുന്നു. ഇതിനെതിരെ, ദിലീപ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ഒരിക്കല്‍ തീര്‍പ്പാക്കിയ ഹരജി വീണ്ടും പരിഗണിച്ചത് നിയമവിരുദ്ധമാണെന്നാണ് ദിലീപ് തന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും ഇത് ജുഡീഷ്യറിയെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണെന്നും ദിലീപ് വാദിച്ചിരുന്നു.
എന്നാല്‍, തന്റെ ആവശ്യപ്രകാരമാണ് ജില്ലാ ജഡ്ജി അന്വേഷണം നടത്തിയതെന്നും ഹരജിക്കാരി എന്ന നിലയില്‍ മൊഴിപ്പകര്‍പ്പുകള്‍ ലഭിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അതിജീവിത വാദിച്ചു. കേസില്‍ പ്രതിയാണ് ദിലീപ്. മൊഴിപ്പകര്‍പ്പുകള്‍ തനിക്ക് നല്‍കരുത് എന്ന് പറയാന്‍ പ്രതിയായ ദിലീപിന് സാധിക്കില്ല. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന് പരിശോധിച്ചത്. തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അതിജീവിത വാദിച്ചു.