ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരേ അഭിഭാഷക യൂണിയന്‍

ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഗോപാല്‍ ശങ്കരനാരായണനെതിരേ കോടതി അലക്ഷ്യം ചുമത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Update: 2019-12-04 18:01 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതി ജഡ്ജി അരുണ്‍ മിശ്ര, മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ കോടതിയില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷക യൂണിയന്‍ രംഗത്ത്. സുപ്രിം കോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനാണ് അരുണ്‍ മിശ്രക്കെതിരേ പ്രമേയം പാസാക്കിയത്. ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഗോപാല്‍ ശങ്കരനാരായണനെതിരേ കോടതി അലക്ഷ്യം ചുമത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

'ചില മുതിര്‍ന്ന അഭിഭാഷകരടക്കമുള്ള സുപ്രിം കോടതി ബാറിലെ അംഗങ്ങള്‍ക്ക് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഭാഷകരോട് ഇടപെടുമ്പോള്‍ ജസ്റ്റിസ് മിശ്ര കുറച്ചുകൂടെ ആത്മസംയമനവും ക്ഷമയും കാണിക്കണം. കോടതിയുടെ അന്തസ്സ് നിലനിര്‍ത്തേണ്ടത് അഭിഭാഷകരുടെ മാത്രമല്ല, ജഡ്ജിമാരുടെയും ഉത്തരവാദിത്തമാണ്- അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

പ്രശ്‌നം നടന്ന ഉടന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് ചേര്‍ത്ത് ജസ്റ്റിസ് മിശ്രയില്‍ നിന്ന് മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുളള പ്രമേയം പാസ്സാക്കാന്‍ നിര്‍ദേശിച്ചു. കോടതിയലക്ഷ്യ ഭീഷണിയിലൂടെ അഭിഭാഷകരെ വാദപ്രതിവാദത്തില്‍ നിന്ന് ഭയപ്പെടുത്തി മാറ്റിനിര്‍ത്തുന്നത് നീതിന്യായവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും അഡ്വ. സിങ് അഭിപ്രായപ്പെട്ടു.

പ്രതിഷേധ നടപടിയെന്ന നിലയില്‍ ജഡ്ജി കടന്നുവരുന്ന സമയത്ത് അഭിഭാഷകര്‍ എഴുന്നേറ്റ് നില്‍ക്കരുതെന്നായിരുന്നു സിങിന്റെ ആദ്യ നിര്‍ദേശം.

ഭൂമി അക്വയര്‍ ചെയ്യുന്നതും മതിയായ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 24 നെ കുറിച്ച് വിശദീകരിക്കവെ അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ വിഷയം പല തവണ ആവര്‍ത്തിച്ചുവെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ആരോപിച്ചത്. ഇനിയും സബ്മിഷനുമായി എഴുന്നേറ്റാല്‍ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഭീഷണിപ്പെടുത്തി.

അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുകയാണെന്ന് ജസ്റ്റിസ് മിശ്ര ആരോപിച്ചു. ഓരോ ചോദ്യത്തിനും അഡ്വ. ഗോപാല്‍ ചോദ്യവുമായി എഴുന്നേല്‍ക്കുന്നു. കോടതി ഇതൊക്കെ ശ്രദ്ധാപൂര്‍വം ക്ഷമയോടെ കേള്‍ക്കുകയാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കും. ഏതെങ്കിലും പുതിയ പോയിന്റ് ഉണ്ടെങ്കില്‍ മാത്രം സംസാരിക്കുക- ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കോടതിയോട് ക്ഷമ ചോദിച്ച അഡ്വ. ഗോപാല്‍ ശങ്കരനാരായണന്‍ ഉടന്‍ കോടതി വിട്ട് പുറത്തുപോയി. ബെഞ്ചിനെ നിങ്ങള്‍ (YOU) എന്ന് അഭിസംബോധന ചെയ്തിന് തുടക്കത്തില്‍ തന്നെ ജസ്റ്റിസ് അരുണ്‍ മിശ്ര അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറണമെന്നാവശ്യപ്പെട്ടവരില്‍ പ്രധാനിയാണ് അഡ്വ. ഗോപാല്‍. 

Tags:    

Similar News