ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലാത്ത താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് ന്യൂഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി. വിദേശകാര്യമന്ത്രാലയത്തിനുവേണ്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് എംബസി പുതിയ താലിബാന്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നത്. താലിബാന്‍ പ്രഖ്യാപിച്ച മന്ത്രിസഭ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് എംബസിയുടെ കുറിപ്പില്‍ പറയുന്നു.
താലിബാന്റെ മന്ത്രിസഭാ പ്രഖ്യാപനത്തെക്കുറിച്ചോ എംബസിയുടെ പ്രസ്താവനയെക്കുറിച്ചോ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്ത് 15നാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചത്.
താലിബാനെ ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. യുഎസ് പെട്ടെന്ന് അംഗീകരിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ കൗണ്‍സിലിലെ താല്‍ക്കാലിക അംഗമാണ് ഇന്ത്യ.