കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ വെട്ടില്‍; സര്‍ക്കാര്‍ കണക്കില്‍ ഇതുവരെയുള്ള മരണം 16170; വിവരാവകാശ രേഖ പ്രകാരം 23486
7316 മരണങ്ങള്‍ കുറവെന്ന് രേഖ, നിയമസഭയില്‍ വിവരാവകാശ രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊവിഡ് സര്‍ക്കാര്‍ മരണ കണക്ക് കുറച്ചു കാട്ടുന്നുവെന്ന ആക്ഷേപത്തിന് അടിവരയിട്ട് വിവരാവകാശ രേഖ പുറത്ത്്. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്നലെ വരെ സംസ്ഥാനത്തെ കൊവിഡ് മരണം 16170 ആണ്. എന്നാല്‍ വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന കണക്ക് പ്രകാരം ഇത് 23486 ആണ്. സര്‍ക്കാര്‍ ദൈംദിന കണക്കുമായി നോക്കുമ്പോള്‍ 7316 മരണം കുറവ്.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിവരാവകാശ രേഖപ്രകാരമുള്ള കണക്ക് നിയമസഭയില്‍ പുറത്ത് വിട്ടത്. ഈ മാസം 23ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2020 ജനുവരിമുതലുള്ള കണക്കാണിത്.
അമരവിള സ്വദേശി അഡ്വ. പ്രാണകുമാറിന്റെ അപേക്ഷയിലാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മറുപടി നല്‍കിയത്.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖകള്‍ വഴി പുറത്തുവന്നിരിക്കുന്നത്. ഇതു ഉയര്‍ത്തി പ്രതിപക്ഷം കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടന്നേക്കാനാണ് സാധ്യത. അതേസമയം സര്‍ക്കാര്‍ പുറത്തുവിട്ടതിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാരുടെയുള്‍പ്പെടെയുള്ള നിഗമനം.