അഗ്‌നിപഥ് പ്രതിഷേധം: തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം
ഗ്വാളിയോര്‍: കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ക്ക് നേരേ വ്യാപക ആക്രമണം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സ്പ്രസിന് നേരെയും ആക്രമണമുണ്ടായി. ഗ്വാളിയോര്‍ സ്‌റ്റേഷനില്‍വച്ച് പ്രതിഷേധക്കാര്‍ എസി കംപാര്‍ട്ടുമെന്റിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. ട്രെയിനില്‍ നിരവധി മലയാളികളാണുണ്ടായിരുന്നത്. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെയെത്തിയവര്‍ ആക്രമിക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.
പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിഹാറില്‍ ബിജെപി ഓഫിസിന് തീവച്ചു. പാര്‍ട്ടി എംഎല്‍എ അരുണാ ദേവിയുടെ കാറും പ്രതിഷേധക്കാര്‍ തകര്‍ത്തു. എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പട്‌ന- രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. പ്രതിഷേധക്കാര്‍ മൂന്ന് ട്രെയിനുകളും ബസ്സുകളും കത്തിച്ചു. ഹരിയാനയില്‍ പോലിസ് വാഹനത്തിന് തീവച്ചു. രാജസ്ഥാനിലും പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ പോലിസ് സ്‌റ്റേഷനുകള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി.
മുസാഫര്‍പൂര്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങി ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാറുള്ള ചക്കാര്‍ മൈതാനില്‍ ഒന്നിച്ച് കൂടി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ 100 കണക്കിനാളുകള്‍ ഒന്നിച്ച് കൂടി അജ്മീര്‍- ഡല്‍ഹി ദേശീയപാതയില്‍ ഗതാഗതം തടഞ്ഞതോടെ പത്തോളം പേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
നാല് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനാ വിഭാഗങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന പദ്ധതിയാണ് അഗ്‌നിപഥ്. നാല് വര്‍ഷത്തെ സൈനിക സേവനത്തിനുശേഷം ഇവരില്‍ 25 ശതമാനത്തിന് മാത്രം സൈന്യത്തില്‍ തുടരാം. മറ്റുള്ളവര്‍ക്ക് പിരിയുമ്പോള്‍ പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ നല്‍കും. ഇവര്‍ക്ക് പെന്‍ഷനുണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. പദ്ധതിക്കെതിരേ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. സൈന്യത്തില്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കളാണ് ഇപ്പോള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബിഹാറിലെ അരാ റെയില്‍വേ സ്‌റ്റേഷനു സമീപം രണ്ടാം ദിവസവും പ്രതിഷേധം തുടരുകയാണ്. ബക്‌സാറില്‍ റെയില്‍വേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ജനശതാബ്ദി എക്‌സ്പ്രസ് വൈകിയാണ് ഓടിയത്.