അഗ്നിപഥിനെതിരേ രാജ്ഭവന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണം

Update: 2022-06-18 06:18 GMT

തിരുവനന്തപുരം: മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റിനായി പുതുതായി 'അഗ്‌നിപഥ്' എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കേരളത്തിലും വന്‍ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്കാണ് റാലി നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാര്‍ഥികളാണ് റാലി നടത്തുന്നത്. 'അഗ്‌നിപഥ്' സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്‌നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്.

രാവിലെ 9.30യോടെയാണ് തമ്പാനൂരില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടിയത്. പിന്നീട് പ്രതിഷേധമാര്‍ച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് സാഹചര്യം മൂലം ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ പലതും നടന്നിരുന്നെങ്കിലും, അതില്‍ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാര്‍ത്ഥികളാണ് നിലവില്‍ പ്രതിഷേധിക്കുന്നവരില്‍ പലരും. ഒന്നര വര്‍ഷത്തോളമായി ഇവര്‍ ജോലി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.

2021 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ കേരളത്തില്‍ പലയിടത്തും നടന്നത്. മെഡിക്കല്‍ ഫിസിക്കല്‍ പരിശോധനകള്‍ക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. ഇതിനെല്ലാമൊടുവില്‍ ഇനി പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്‌മെന്റുകളെല്ലാം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്‌നിപഥ് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്.

വിദേശത്ത് അടക്കം ജോലിസാധ്യതയുണ്ടായിട്ടും പലരും അത് വേണ്ടെന്ന് വച്ച് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ കാത്തിരിക്കുകയായിരുന്നു. ആറ് തവണയാണ് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്. അഗ്‌നിപഥ് സ്‌കീം നടപ്പാക്കുന്നതോടെ ഇപ്പോള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നവരില്‍ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാന്‍ അയോഗ്യരാകും. 21 വയസ്സാണ് ആദ്യം പ്രായപരിധി പ്രഖ്യാപിച്ചതെങ്കിലും 23 വയസ്സ് വരെയുള്ളവര്‍ക്ക് അഗ്‌നിപഥ് സ്‌കീമില്‍ ചേരാന്‍ കഴിയുമെന്നാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും പലര്‍ക്കും ഈ സ്‌കീമില്‍ പങ്കെടുക്കാനാകില്ലെന്നതാണ് വാസ്തവം. 

Tags:    

Similar News