എഐഎംഐഎം പശ്ചിമ ബംഗാളില്‍ മല്‍സരിക്കും; സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ മാര്‍ച്ച് 27ന് പ്രഖ്യാപിക്കും
ഹൈദരാബാദ്: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ഇത്തവണ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി മേധാവി അസദുദ്ദീന്‍ ഉവൈസി. ആരായിരിക്കും സ്ഥാനാര്‍ത്ഥികളെന്ന വിവരം മാര്‍ച്ച് 27ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ സീറ്റില്‍ മല്‍സരിക്കുമെന്ന വിവരം ഇനിയും പുറത്തുവിട്ടിടല്ല. മാര്‍ച്ച് 27ന് സാഗര്‍ഡിഡിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.
ഫുര്‍ഫുറ ശരീഫ് പീര്‍സാദ അബ്ബാസ് സിദ്ദിഖിയുമായി സംസാരിച്ചതിനുശേഷമാണ് തീരുമാനമെന്ന് ഉവൈസി സൂചിപ്പിച്ചു. ഫുര്‍ഫുറ ശരീഫിന്റെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
എഐഎംഐഎം ബംഗാളില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തില്‍ നിന്ന് ഉവൈസി പൊതുവെ ഒഴിഞ്ഞുമാറുകയാണ് പതിവ്.
സംസ്ഥാനത്ത് മൂന്ന് പ്രധാന കക്ഷികളാണ് മല്‍സര രംഗത്തുള്ളത്- ബിജെപി മുന്നണി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത്-കോണ്‍ഗ്രസ് മുന്നണി.
മാര്‍ച്ച് 27ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. മെയ് 2ന് 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.