ജിദ്ദ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായ അക്ബര്‍ പൊന്നാനിക്ക് പത്തനംതിട്ട ജില്ലാ സംഗമം ( പി ജെ എസ്സ് ) യാത്രയയപ്പു നല്‍കി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു.
അറബി സാഹിത്യത്തിലും ഭാഷയിലും എംഫില്‍, ബിഎഡ് ബിരുദങ്ങള്‍ക്ക് പുറമെ ഇസ്‌ലാമിക്‌സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.
പൊന്നാനി ഐഎസ്എസ്, കുണ്ടോട്ടി മര്‍കസ് അറബിക് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്ന അക്ബര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ആയി ജോലി ചെയ്യവേയാണ് ദീര്‍ഘകാല അവധിയോടെ 1992 തുടക്കത്തില്‍ ആണ് ജിദ്ദയില്‍ എത്തുന്നത്.
കോട്ടയത്ത് ദീപിക പത്രാധിപ സമിതിയില്‍ ട്രെയിനിയായി ചേര്‍ന്നതോടെ പത്രപ്രവര്‍ത്തന രംഗത്തേക്കും കടന്നു. ജിദ്ദയിലെത്തിയ ശേഷവും ദീപിക, ചന്ദ്രിക പത്രങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നു. 1994 മുതല്‍ മാതൃഭൂമി പത്രത്തിന്റെ സൗദിയിലെ പ്രതിനിധിയായും സേവനം അനുഷ്ഠിച്ചു. കൂടാതെ ടൈംസ് ഓഫ് ഇന്ത്യയില്‍ എന്‍ആര്‍ഐ കോണ്‍ട്രിബ്യുട്ടര്‍ ആയും റിപോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ 'സത്യംഓണ്‍ലൈന്‍' വാര്‍ത്താ ചാനലിന്റെ സൗദി റിപോര്‍ട്ടര്‍ ആണ്.
യാത്രയയപ്പു ചടങ്ങില്‍ പി ജെ എസ് പ്രസിഡന്റ് അലി തേക്കുതോട് ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട, ജീവകാരുണ്യ കണ്‍വീനര്‍ നൗഷാദ് അടൂര്‍, പി ആര്‍ ഒ അനില്‍ കുമാര്‍ പത്തനംതിട്ട, ഉപദേശക സമിതി അംഗം അയൂബ് ഖാന്‍ പന്തളം, എക്‌സിക്യൂട്ടീവ് അംഗം എബി ചെറിയാന്‍ മാത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.