അമ്മിണിക്ക് പട്ടയം കിട്ടും; എതിര്‍കക്ഷികളുടെ പട്ടയം പരിശോധിക്കും, 25 ന് ഹിയറിങ് നടത്തുമെന്ന് തഹസില്‍ദാര്‍
ഇടുക്കി: തൊടുപുഴ താലൂക്ക് ഓഫിസിനു മുന്നില്‍ സമരം ചെയ്യുന്ന വയോധികയ്ക്ക് പട്ടയം നല്‍കാന്‍ ഈ മാസം 25ന് പ്രത്യേക ഹിയറിങ് നടത്തുമെന്ന് തഹസില്‍ദാര്‍. വയോധികയുടെ നഷ്ടപ്പെട്ട സ്ഥലവും പ്രദേശത്തെ റവന്യു തരിശും കണ്ടെത്താന്‍ അയല്‍വാസികളുടെ ഭൂമി അളക്കാനാണ് തീരുമാനം. പത്തു സെന്റിന് പട്ടയം കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നാണ് അമ്മിണിയുടെ നിലപാട്. ആലക്കോട് വില്ലേജിലെ കുറിച്ചിപ്പാടത്തുള്ള 54 സെന്റ് റവന്യു തരിശില്‍ 10 സെന്റ് 40 വര്‍ഷത്തിലേറെയായി അമ്മിണി കൈവശം വയ്ക്കുന്നു. അതിന് പട്ടയം നല്‍കാമെന്ന് 2021ല്‍ ആലക്കോട് വില്ലേജ് ഓഫിസര്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കോടുത്ത റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സമരം തുടങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മുന്നര സെന്റ് മാത്രമേ അവിടെയുള്ളെന്നാണ് കണ്ടെത്തല്‍. അമ്മിണിയുടെ കൈവശഭൂമിയില്‍ ബാക്കിയുള്ളത് അയല്‍വാസി കെട്ടിയെടുത്തു.
റവന്യു തരിശില്‍ ബാക്കിയുള്ളതിനെകുറിച്ചും അറിവില്ല. ഇതെല്ലാം കാണിച്ചാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തന്റെ ഭര്‍ത്താവിനെ സംസ്‌കരിച്ച സ്ഥലമടങ്ങുന്ന പത്തുസെന്റ് അളന്ന് പട്ടയം നല്‍കിയാലേ സമരം അവസാനിപ്പിക്കൂവെന്നാണ് അമ്മിണിയുടെ നിലപാട്. അമ്മിണിയുടെ ഭൂമിയും തരിശുഭൂമിയും കണ്ടെത്താന്‍ അയല്‍വാസികളുടെ പട്ടയം പരിശോധിക്കാന്‍ നോട്ടിസ് നല്‍കികഴിഞ്ഞു. അവരെ കേട്ടശേഷം അളന്ന് തിട്ടപ്പെടുത്തും. ജനുവരി 30തിന് മുമ്പ് പട്ടയം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.