വ്യോമസേനാ വിമാനപകടം: രക്ഷാപ്രവര്‍ത്തകര്‍ 17ദിവസമായി കുടുങ്ങി കിടക്കുന്നതായി റിപോര്‍ട്ട്
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മലനിരകളില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവര്‍ത്തകര്‍ കാലാവസ്ഥ മോശമായതിനെത്തുടർന്ന് 17 ദിവസമായി കുടുങ്ങി കിടക്കുന്നുവെന്ന് റിപോർട്ട്. കാലാവസ്ഥ അനുകൂലമായാലെ ഹെലികോപ്ടറുകളില്‍ ഇവർക്ക് തിരിച്ചെത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 12നാണ് കോപ്റ്ററുകള്‍ വഴി രക്ഷാപ്രവര്‍ത്തകരെ അപകടം നടന്ന സ്ഥലത്ത് എത്തിച്ചത്. മണിക്കൂറുകളെടുത്ത് വളരെ പ്രയാസപ്പെട്ടാണ് സൈനികരുള്‍പ്പെട്ട 12 അംഗ രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നത്. അന്ന് ഇവര്‍ക്ക് അത്യാവശ്യത്തിനുള്ള ഭക്ഷണവും എത്തിച്ചിരുന്നു. നിലവില്‍ ഇവരുമായി ആശയവിനിമയം സാധ്യമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
12,000 അടി മുകളിലാണ് 17 ദിവസമായി സംഘം കഴിയുന്നത്. വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഇതിനിടെ സംഘം കണ്ടെടുത്തിരുന്നു. അതേസമയം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് കാലവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥ മോശമാണെങ്കിൽ കൂടുതല്‍ ദിവസം ഇവിടെ തങ്ങേണ്ടി വന്നാല്‍ അത് ഏറെ പ്രയാസകരമാകും. ഭക്ഷണം വളരെ കുറവാണ്. കൂടാതെ ഇടതൂര്‍ന്ന കാടുകളില്‍ വിഷപാമ്പുകളുടേയും വന്യമൃഗങ്ങള്‍ അടക്കമുള്ളവയുടെ സാന്നിധ്യമുള്ളതും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.