വീണ്ടും മറ്റൊരു മെയ് 22; ഹാഷിംപുര മുസ്‌ലിം കൂട്ടക്കൊലയുടെ ചോര മണക്കുന്ന ഓര്‍മകള്‍ക്ക് 33 വയസ്സ്
കോണ്‍ഗ്രസ് നേതാവായ വീര്‍ബഹാദുര്‍ സിങ്ങ് ഭരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശ് പോലിസ് 42 മുസ്‌ലിം യുവാക്കളെ നിരത്തിനിര്‍ത്തി വെടിവച്ചു വീഴ്ത്തിയത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ പോലീസ് സേനയായ പിഎസിയുടെ ഏറ്റവും ക്രൂരമുഖം വെളിപ്പെടുത്തിയ ഹാഷിംപുര മുസ്‌ലിം കൂട്ടക്കൊലക്ക് ഇന്ന് 33 വര്‍ഷം. 1987 മെയ് 22ന് റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച ദിവസമാണ് 42 മുസ്‌ലിം ചെറുപ്പക്കാരെ ഒരു കാരണവുമില്ലാതെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) സായുധ പോലീസ് വെടിവച്ചു കൊന്നത്. വെടിവെച്ചു കൊന്നവരെയും പരുക്കേറ്റവരെയും കനാലിലേക്ക് തള്ളുകയാണ് പോലിസ് ചെയ്തത്.
സ്വതന്ത്ര ഇന്ത്യ കണ്ട പോലിസിന്റെ കിരാതമായ കൂട്ടക്കുരുതിയാണ് ഹാഷിംപുരയിലുണ്ടായത്. കോണ്‍ഗ്രസ് നേതാവായ വീര്‍ബഹാദുര്‍ സിങ്ങ് ഭരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശ് പോലിസ് 42 മുസ്‌ലിം യുവാക്കളെ നിരത്തിനിര്‍ത്തി വെടിവച്ചു വീഴ്ത്തിയത്. 1987 മെയ് 22 ന് രാത്രി പ്ലാറ്റൂണ്‍ കമാന്‍ഡര്‍ സുരീന്ദര്‍ പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 19 പിഎസി ഉദ്യോഗസ്ഥര്‍ മീററ്റിലെ ഹാഷിംപൂര മൊഹല്ലയിലെ മുസ്‌ലിംകളെ വളഞ്ഞു. വൃദ്ധരെയും കുട്ടികളെയും പിന്നീട് വേര്‍പെടുത്തി വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത 45 ഓളം പേരെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഗാസിയാബാദ് ജില്ലയിലെ മുറാദ് നഗറിലെ അപ്പര്‍ ഗംഗാ കനാലിന്റെ പരിസരത്തേക്കാണ് കൊണ്ടുപോയത്. ഇവിടെവച്ച് നിരത്തി നിര്‍ത്തി ഓരോരുത്തരെയായി വെടിവച്ചു കൊന്നു.വെടിയേറ്റവരില്‍ നാലുപേര്‍ മരിച്ചുവെന്ന് നടിച്ച് രക്ഷപ്പെട്ടു. അവരില്‍ ഒരാള്‍ മുറാദ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ ബാബ്‌രി മസ്ജിദ് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മീററ്റിലുണ്ടായ സംഘര്‍ഷത്തിന്റഎ പേരിലാണ് പിഎസി സേന ഹാഷിംപുരയിലെത്തിയത്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാഷിംപുരയില്‍ കൂട്ടക്കുരുതി നടത്തിയതെന്ന് പിന്നീട് വെളിപ്പെട്ടു. 324 പേരെയാണ് ഹാഷിംപുരയില്‍ നിന്ന് പിഎസി കസ്റ്റഡിയിലെടുത്തത്. ഇതിലെ 45ഓളം പേരെയാണ് പോലിസ് സ്‌റ്റേഷിനിലേക്ക് കൊണ്ടുപോകുന്നതിനു പകരം മുറാദ് നഗറിലെ അപ്പര്‍ ഗംഗാ കനാലിന്റെ പരിസരത്തേക്ക് കൊണ്ടുപോയി നിരത്തി നിര്‍ത്തി വെടിവച്ചു വീഴ്ത്തിയത്.
രക്ഷപ്പെട്ടവരില്‍ പതിനഞ്ചുവയസ്സുകാരനായ സുല്‍ഫിക്കര്‍ നസീറും ഉണ്ടായിരുന്നു. പൊലിസുകാരന്‍ നെഞ്ചിലേക്കു വെച്ച വെടി തോളിന് കോണ്ടതോടെയാണ് സുള്‍ഫിക്കര്‍ രക്ഷപ്പെട്ടത്. മരിച്ചതു പോലെ കിടന്നതു കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. കേസ് നടത്തിപ്പിനു വേണ്ടിയും പ്രതികളെ ശിക്ഷിക്കുന്നതിനു വേണ്ടിയും ആദ്യാവസാനം നടന്നത് സുല്‍ഫിക്കറിന്റേ നേതൃത്വത്തിലായിരുന്നു. നീതിക്കു വേണ്ടി ഇരകളുടെ ബന്ധുക്കള്‍ നടത്തിയ നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്ന് 31 വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അപ്പോഴേക്കും ചില പ്രതികള്‍ മരിച്ചിരുന്നു. ചിലര്‍ രോഗശയ്യയിലും. ബാക്കിയുള്ള കൊലയാളികള്‍ വിരമിച്ച് പെന്‍ഷന്‍ വാങ്ങി കഴിയുകയുമായിരുന്നു.
28 വര്‍ഷത്തോളം കോടതിയില്‍ നീണ്ട വിചാരണയില്‍ പ്രതിചേര്‍ക്കപ്പെട്ട 16 പോലിസ് സേനാംഗങ്ങളെ കുറ്റവിമുക്തരാക്കി. എന്നാല്‍, പിന്നീട് ഡല്‍ഹി ഹൈക്കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.