ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ കാട്ടാന ഒരു വീട് ഭാഗികമായി തകര്‍ത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മഹേശ്വരിയും മകള്‍ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ വീടുകള്‍ ആക്രമിക്കുന്നത് തുടര്‍ക്കഥയാവുകയാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്. ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകര്‍ത്തിരുന്നു. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്‍ റേഷന്‍ കട ഉള്‍പ്പെടെ തകര്‍ത്തിരുന്നു. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് കടയിലുണ്ടായിരുന്ന റേഷന്‍ സാധനങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനാല്‍ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.