യെമനില്‍ വ്യോമാക്രമണം നടത്താന്‍ യുഎഇ യുഎസിനെ സഹായിച്ചാല്‍ ദുബൈയും അബൂദബിയും ലക്ഷ്യമാക്കുമെന്ന് ഹൂത്തികള്‍
സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്താന്‍ യുഎസിനെ സഹായിച്ചാല്‍ യുഎഇയിലെ ദുബൈയിലേക്കും അബൂദബിയിലേക്കും മിസൈലുകള്‍ അയക്കുമെന്ന് യെമനിലെ അന്‍സാര്‍ അല്ലാഹ് നേതാവ് മുഹമ്മദ് അല്‍ ഫറാഹ്. യുഎസിന് രഹസ്യ വിവരങ്ങള്‍ കൈമാറുകയോ നേരിട്ട് ഓപ്പറേഷനില്‍ പങ്കെടുക്കുകയോ ചെയ്താല്‍ നടപടിയുണ്ടാവുമെന്നാണ് അന്‍സാര്‍ അല്ലായുടെ ലീഡര്‍ഷിപ്പ് കൗണ്‍സിലിലെ മുതിര്‍ന്ന അംഗമായ മുഹമ്മദ് അല്‍ ഫറാഹ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സുഡാനില്‍ ക്രൂരതകള്‍ ചെയ്തവരാണ് യുഎഇയെന്നും മുഹമ്മദ് അല്‍ ഫറാഹ് ആരോപിച്ചു. ഇനി യുഎസിന്റെ അതിക്രമങ്ങളില്‍ യുഎഇ പങ്കെടുക്കുകയാണെങ്കില്‍ അടുത്ത ആക്രമണങ്ങള്‍ മോഖയിലോ ശബ് വയിലോ ആയിരിക്കില്ലെന്നും ദുബൈയിലും അബൂദബിയിലും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ അറബ് സൈന്യം അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് 2019ല്‍ സൗദിയിലും 2022ല്‍ അബൂദബിയിലും അന്‍സാര്‍ അല്ലാഹ് ആക്രമണം നടത്തിയിരുന്നു.യുഎസ് വളരെ അകലെയാണെന്നും അവരുടെ പങ്കാളികളായ രാജ്യങ്ങള്‍ അടുത്താണെന്നും തങ്ങളുടെ മിസൈലുകളുടെ പരിധിയില്‍ ആണെന്നും അന്‍സാര്‍ അല്ലാഹ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.