കൊവിഡിന് മരുന്നായി ഉറുമ്പ് ചമ്മന്തി: ആയുഷ് മന്ത്രായലം ഉടന്‍ തീരുമാനമെടുക്കണമെന്ന് കോടതി
രാജ്യത്തെ പല ആദിവാസി വിഭാഗങ്ങളും ചോണനുറുമ്പ് ചമ്മന്തി ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്.
കട്ടക്: കൊവിഡിന് മരുന്നായി ഉറുമ്പ് ചമ്മന്തി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഒഡീഷ ഹൈക്കോടതി. ആയുഷ് മന്ത്രാലയത്തിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനും (CSIR) ഉറുമ്പു ചമ്മന്തിയുടെ ഫലപ്രാപ്തി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മൂന്നു മാസമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ ബിആര്‍ സാരംഗി, പ്രമാഥ് പട്‌നായിക് എന്നിവരടങ്ങിയ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്.
രാജ്യത്തെ പല ആദിവാസി വിഭാഗങ്ങളും ചോണനുറുമ്പ് ചമ്മന്തി ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ഈ മരുന്ന് വ്യാപക പ്രചാരത്തിലുണ്ട്. ഉറുമ്പുകളും പച്ചമുളകും ചേര്‍ത്തരച്ച മിശ്രിതം ജലദോഷം, ചുമ, പനി, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ക്ഷീണം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമായിട്ടാണ് പറയുന്നത്.
ഇതേ മരുന്ന് കൊവിഡിനും ഉപയോഗപ്പെടുത്താനുള്ള സാധ്യത സംബന്ധിച്ച സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് കോടതി ആയുഷ് മന്ത്രാലയം ഡയറക്ടര്‍ക്ക് ജനറലിനും CSIRനും തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ബരിപാഡയില്‍ നിന്നുള്ള എഞ്ചിനിയറും ഗവേഷകനുമായ നയാധര്‍ പധ്യാല്‍ ആണ് ഹരജി സമര്‍പ്പിച്ചത്.