സിഎഎ വിരുദ്ധ സമരം: മുന്‍ ഗവര്‍ണര്‍ക്ക് യുപി പോലീസിന്റെ അറസ്റ്റ് ഭീഷണി

ഭാവിയിലും ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ സിഎഎ, എന്‍ആര്‍സി തുടങ്ങിയ എല്ലാ മുസ്ലിം വിരുദ്ധ നിയമങ്ങളെയും എതിര്‍ക്കുമെന്നും മുന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Update: 2020-10-07 06:20 GMT

ഭോപ്പാല്‍: മുന്‍ മിസോറാം ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അസീസ് ഖുറൈഷിക്ക് യുപി പോലിസീന്റെ അറസ്റ്റ് ഭീഷണി. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് കോടതിയില്‍ ഹാരജായില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്നാണ് മൊറാദാബാദ് പോലീസ് നോട്ടീസ് നല്‍കിയതെന്ന് അസീസ് ഖുറൈഷി പറഞ്ഞു. 2020 ഫെബ്രുവരി 23 ന് മൊറാദാബാദില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധ യോഗത്തില്‍ മുന്‍ ഗവര്‍ണര്‍ക്കും മറ്റ് 12 പേര്‍ക്കുമെതിരെ 143, 145, 149 (നിയമവിരുദ്ധ നിയമസഭയുമായി ബന്ധപ്പെട്ടത്), 188 (പൊതുപ്രവര്‍ത്തകന്റെ ഉത്തരവിനോടുള്ള അനുസരണക്കേട്) എന്നിവ പ്രകാരം പോലീസ് കേസെടുത്തിരുന്നു.

ഈ കേസില്‍ ഖുറേഷി മൊറാദാബാദ് പോലീസിന്റെ മുമ്പാകെ ഹാജരായില്ല. എന്നാല്‍ തനിക്കു നേരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് ഖുറൈഷി പറഞ്ഞു. സംസാരിക്കാനും ചിന്തിക്കാനും വിശ്വാസം നിലനിര്‍ത്താനും മതപരമായ അല്ലെങ്കില്‍ മറ്റ് പ്രത്യയശാസ്ത്രങ്ങളെ തിരഞ്ഞെടുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കിയ രാജ്യത്തെ ഒരു സ്വതന്ത്ര പൗരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗലികാവകാശമെന്ന നിലയില്‍ ഈ അവകാശങ്ങള്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ' ഇന്ത്യയില്‍ മുസ്‌ലിംകള്‍ തുല്യാവകാശമുള്ള പൗരന്മാരാണ്. അവകാശങ്ങള്‍ക്കായി യാചിക്കുകയല്ല, ശക്തമായി നേടിയെടുക്കുകയാണ് വേണ്ടത്' - അസീസ് ഖുറൈഷി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയ മഹാന്മാരായ നേതാക്കള്‍ രൂപീകരിച്ച രാജ്യത്തിന്റെ മതേതര ചട്ടക്കൂട് തകര്‍ക്കാനും ഇന്ത്യയെ 'ഹിന്ദു രാഷ്ട്ര'മാക്കി മാറ്റാനും ആഗ്രഹിക്കുന്ന ഒരു വിഭാഗം രാജ്യത്തുണ്ടെന്നും ഖുറേഷി പറഞ്ഞു. സിഎഎ, എന്‍ആര്‍സി പോലുള്ള നിയമങ്ങള്‍ ഈ ദിശയിലേക്കുള്ള ആദ്യ ഘട്ടങ്ങളാണ്, പക്ഷേ രാജ്യത്തെ മഹത്തായ പൗരന്മാര്‍ ഇത് അനുവദിക്കില്ല. ഭാവിയിലും ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ സിഎഎ, എന്‍ആര്‍സി തുടങ്ങിയ എല്ലാ മുസ്ലിം വിരുദ്ധ നിയമങ്ങളെയും എതിര്‍ക്കുമെന്നും മുന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ, ഷാഹിന്‍ ബാഗ്, ആഗ്ര, മീററ്റ്, മുസാഫര്‍ നഗര്‍, ഗാസിയാബാദ്, സാംബാല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സിഎഎ / എന്‍ആര്‍സി പ്രതിഷേധ സമ്മേളനങ്ങളിലും അസീസ് ഖുറൈഷി സംസാരിച്ചിരുന്നു. ലഖ്നൗവിലും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News