മന്ത്രി സജി ചെറിയാനെതിരേ നടപടി വേണം; വ്യക്തിഹത്യക്കെതിരേ പൂജപ്പുര പോലിസില്‍ പരാതി നല്‍കി അനുപമ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വ്യക്തിഹത്യക്കെതിരേ പരാതി നല്‍കിയെന്ന് അനുപമ. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ ശരിയല്ല. വ്യക്തിഹത്യക്കെതിരേ നടപടി വേണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് അനുപമയും അജിത്തും മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര പോലിസ് സ്‌റ്റേഷനിലാണ് അനുപമയും അജിത്തും പരാതി നല്‍കിയത്.
മന്ത്രിയുടെ വിവാദ പരാമര്‍ശം
'കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടേയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്ന് പെണ്‍കുട്ടികളായതു കൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞ് പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപനങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണ് പോയത്. ഇരട്ടിപ്രായമുള്ള, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്'.
കാര്യവട്ടത്ത് കേരള സര്‍വകലാശാല കേരള പഠനവിഭാഗവും സാംസ്‌കാരിക വകുപ്പും സംഘടിപ്പിച്ച സമം-സ്ത്രീ നാടകക്കളരി ഉദ്ഘാടനം വേളയിലാണ് മന്ത്രി വിവാദ പ്രസംഗം നടത്തിയത്.