സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രസ് ക്ലബ്ബുകളില്‍ പ്രതിഷേധ സദസ്സ്

Update: 2020-10-08 15:58 GMT

തിരുവനന്തപുരം: ഹാഥ്‌റസ് ബലാല്‍സംഗം റിപോര്‍ട്ട് ചെയ്യാന്‍ പോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ജേര്‍ണലിസ്റ്റ് യൂണിയന്‍ ഡല്‍ഹി സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രതിഷേധ സദസ്സ് നടത്തുന്നു. എല്ലാ പ്രസ് ക്ലബ്ബിലും വെള്ളിയാഴ്ചയാണ് പ്രതിഷേധം നടത്തുക. ഒരേ സമയം അഞ്ചില്‍ കൂടാത്ത പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന വിധത്തിലായിരിക്കും പ്രതിഷേധം.

സുപ്രിംകോടതി ഹരജിയടക്കം പല നിയമവഴികളും നോക്കുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയായിട്ടില്ലെന്നും രാഷ്ട്രീയ, പോലിസ് തല സമ്മര്‍ദ്ദം ഇതുവരെ വിജയിച്ചിട്ടില്ലെന്നും അറസ്റ്റിനെതിരേ പൊതുജനസമ്മര്‍ദ്ദവും കൂടിയേ കഴിയൂ എന്നും സംസ്ഥാന സമിതി പ്രസിഡന്റ് കെ പി റെജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഇ മെയില്‍, പോസ്റ്റര്‍ പ്രചരണം തുടങ്ങിയവയും തീരുമാനിച്ചിട്ടുണ്ട്.

സ്വന്തം ഉത്തരവാദിത്തം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാഥ്‌റസിലേക്കു പോയ സിദ്ദിക്കിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News