'മോദി'വല്‍ക്കരണം; മതിലിനു പിറകെ ചേരി ഒഴിപ്പിക്കലും
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചത്. ഈ മാസം അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കാനെത്തുന്നത്.
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം വീട് നഷ്ടപ്പെടുത്തുന്നത് ചേരിപ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചത്. ഈ മാസം അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കാനെത്തുന്നത്.
ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് അഹമ്മദാബാദും ന്യൂഡല്‍ഹിയും സന്ദര്‍ശിക്കും. മോദിയും ട്രംപും അഹമ്മദാബാദില്‍ റോഡ്‌ഷോയും നടത്തുന്നുണ്ട്. ട്രംപിന്റെ കാഴ്ച്ചകളില്‍ നിന്നും നഗരത്തിലെ ചേരി പ്രദേശം മറക്കുന്നതിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മതില്‍ പണിയുന്നുണ്ട്. ഇതിനു പുറമെയാണ് ചേരിപ്രദേശത്തെ 45 വീടുകള്‍ തകര്‍ക്കുന്നത്. വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ചേരിപ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നത്. 25 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ് മിക്ക കുടുംബങ്ങളും. താമസിക്കുന്ന സ്ഥലം കോര്‍പറേഷന്റേതാണെന്നും നഗര ആസൂത്രണ പദ്ധതിക്കു വേണ്ടി ഇവിടം ഒഴിയണമെന്നുമാണ് കോര്‍പറേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.