മലപ്പുറത്ത് ഉണക്ക മത്സ്യത്തിന് കൃത്രിമ വിലവര്‍ധന; കൊളളലാഭമെടുക്കുന്നത് മൊത്ത വ്യാപാരികള്‍
ലോക്ഡൗണിനു മുന്‍പ് കിലോക്ക് 80 രൂപ പ്രകാരമാണ് മൊത്ത വ്യാപാരികള്‍ മുള്ളന്‍ ഇനത്തില്‍പ്പെട്ട മത്സ്യം വില്‍പ്പന നടത്തിയിരുന്നത്. ഇതിന് ഒറ്റയടിക്ക് കിലോക്ക് 50 രൂപ വര്‍ധിപ്പിച്ച് 130 രൂപക്കാണ് ഇപ്പോള്‍ വിതരണക്കാര്‍ക്ക് നല്‍കുന്നത്.
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഉണക്ക മത്സ്യത്തിന്റെ വില വര്‍ധിപ്പിച്ച് മൊത്ത വ്യാപാരികള്‍ കൊള്ളലാഭമെടുക്കുന്നു. ലോക്ഡൗണിനു മുന്‍പും, ശേഷവും തടസ്സമില്ലാതെ എത്തുന്ന ഉണക്കമത്സ്യം ഇപ്പോള്‍ വന്‍ വിലവര്‍ധന വരുത്തിയാണ് ജില്ലയിലെ മൊത്ത വ്യാപാരികള്‍ വില്‍പ്പന നടത്തുന്നത്. ലോക്ഡൗണ്‍ കാരണം വരുമാനം നിലച്ച സാധാരണക്കാരെ കൊള്ളയടിക്കുകയാണ് മൊത്ത വ്യാപാരികള്‍.
മലപ്പുറം ജില്ലയിലേക്ക് ഗുജറാത്തില്‍ നിന്നാണ് ഉണക്കമത്സ്യം എത്തുന്നത്. പെരിന്തല്‍മണ്ണയിലെ നാലും മഞ്ചേരിയിലെ രണ്ടും മൊത്ത വ്യാപാരികളാണ് ജില്ലയിലേക്ക് ഉണക്ക മത്സ്യം എത്തിക്കുന്നത്. ലോക്ഡൗണിലും ചരക്കു വാഹനങ്ങളുടെ സഞ്ചാരം തടസ്സമില്ലാതെ നടക്കുന്നതിനാല്‍ ജില്ലയിലേക്ക് ഉണക്ക മത്സ്യം മുന്‍പത്തേതു പോലെ തന്നെ എത്തുന്നുണ്ട്. എന്നാല്‍ മൊത്ത വ്യാപാരികള്‍ക്ക് വില വര്‍ധിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. ലോക് ഡൗണിനു മുന്‍പു വരെ 1200 രൂപക്കാണ് 9. 300 കിലോ തൂക്കമുള്ള ഒരു പെട്ടി തള മത്സ്യം ലഭിച്ചിരുന്നത്. ഇപ്പോള്‍ അതിന്റെ വില 1800 രൂപയാണെന്ന് മൊത്ത വിതരണക്കാരില്‍ നിന്നും മത്സ്യം വാങ്ങി വ്യാപാരികള്‍ക്ക് വിതരണം ചെയ്യുന്നവര്‍ പറയുന്നു. വിതരണക്കാനും വ്യാപാരികളും ലാഭമെടുത്താണ് വില്‍പ്പന നടത്തുന്നത് എന്നതിനാല്‍ അത്യന്തികമായി ഈ വില വര്‍ധനവ് ബാധിക്കുന്നത് ഉപഭോക്താക്കളെയാണ്.
ലോക്ഡൗണിനു മുന്‍പ് കിലോക്ക് 80 രൂപ പ്രകാരമാണ് മൊത്ത വ്യാപാരികള്‍ മുള്ളന്‍ ഇനത്തില്‍പ്പെട്ട മത്സ്യം വില്‍പ്പന നടത്തിയിരുന്നത്. ഇതിന് ഒറ്റയടിക്ക് കിലോക്ക് 50 രൂപ വര്‍ധിപ്പിച്ച് 130 രൂപക്കാണ് ഇപ്പോള്‍ വിതരണക്കാര്‍ക്ക് നല്‍കുന്നത്. മുന്‍പത്തെ വിലയില്‍ തന്നെ ലഭിക്കുന്ന മത്സ്യമാണ് കൊള്ളലാഭമെടുത്ത് കൃത്രിമ വിലവര്‍ധനവിലൂടെ വില്‍പ്പന നടത്തുന്നതെന്ന് വിതരണക്കാര്‍ പറയുന്നു. സ്രാവ്, അടവ്, അയില, മാന്തള്‍ എന്നീ മത്സ്യങ്ങള്‍ക്കും മൊത്ത വ്യാപാരികള്‍ വന്‍ തോതില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ വില നിര്‍ണയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടാത്തതിനാല്‍ മൊത്ത വ്യാപാരികള്‍ക്ക് പൂഴ്ത്തിവെപ്പ് നടത്തിയും കൊള്ളലാഭമെടുത്തും ഉപഭോക്താക്കളെ വേണ്ടുവോളം ചൂഷണം ചെയ്യാന്‍ സാധിക്കും.