തിരുശേഷിപ്പില്‍ ഡിഎന്‍എ പരിശോധന വേണമെന്ന വിവാദ പരാമര്‍ശം; ആര്‍എസ്എസ് മുന്‍ മേധാവി സുഭാഷ് വെലിങ്കറെയ്ക്കെതിരെ പ്രതിഷേധം

സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പുകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമായിരുന്നു സുഭാഷ് വെലിങ്കറെയുടെ പ്രസ്താവന.

Update: 2024-10-07 08:51 GMT

പനജി: സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പില്‍ ഡിഎന്‍എ പരിശോധന വേണമെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവി സുഭാഷ് വെലിങ്കറെയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പുകളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമായിരുന്നു സുഭാഷ് വെലിങ്കറെയുടെ പ്രസ്താവന.നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തിരുനാള്‍ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് തിരുശേഷിപ്പ് കാണാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന.

വെലിങ്കര്‍ നിലവില്‍ ഒളിവിലാണ്. വെലിങ്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും വിശ്വാസികളും മഡ്ഗാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി, 'സെന്റ് ഫ്രാന്‍സിസ് സേവ്യറിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം' നടത്തി 'മതവികാരങ്ങളെ പ്രകോപിപ്പിച്ചതിനും മതവിശ്വാസങ്ങളെ അവഹേളിച്ചതിനും' വെലിങ്കറിനെതിരെ ഗോവ പോലീസ് കേസെടുത്തിരുന്നു.

അതേസമയം, ഗോവയില്‍ ബിജെപി ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു .ഗോവയുടെ ആകര്‍ഷണം അതിന്റെ പ്രകൃതി ഭംഗിയിലും വൈവിധ്യവും യോജിപ്പുള്ളതുമായ ജനങ്ങളുടെ ഊഷ്മളതയും ആതിഥ്യമര്യാദയുമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പാലിക്കണമെന്നും റോഡുകള്‍ തടയരുതെന്നും കേസില്‍ വെല്ലിങ്കറെക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തെ മറ്റു പല വിഷയങ്ങളെയും വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണ് വെല്ലിങ്കറെയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാനാവില്ലെന്നും ആംആദ്മി പാര്‍ട്ടി എംഎല്‍എ വെന്‍സി വിയേഗാസ് പറഞ്ഞു.ഒളിവില്‍ കഴിയുന്ന വെലിങ്കറെ അറസ്റ്റ് ചെയ്യാന്‍ ഗോവയിലും മഹാരാഷ്ട്രയിലും ഒന്നിലധികം റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്ന് ഗോവ പോലീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.




Tags:    

Similar News