
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം കേരളത്തിലെ സ്ത്രീസമര ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരം അനാവശ്യം എന്ന് പറഞ്ഞ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയും സതീശന്‍ വിമര്‍ശനമുന്നയിച്ചു. ആവശ്യവും അനാവശ്യവും എന്താണെന്ന് മന്ത്രി തിരിച്ചറിയണമെന്നായിരുന്നു വിമര്‍ശനം.
''പത്ത് ദിവസമായി നടത്തുന്ന സമരത്തിലൂടെ കേരളത്തിലെ സ്ത്രീസമരശക്തി എന്താണെന്ന് ഞാനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിലെ സ്ത്രീകള്‍ക്ക് എല്ലാവരെയും വിറപ്പിക്കാന്‍ ആകുമെന്ന് ഇവര്‍ തെളിയിച്ചു. ഇത് ന്യായമുള്ള സമരമാണ്. ലോകത്തൊരിടത്തും ആരും നമ്മുടെ ആശാവര്‍ക്കര്‍മാര്‍ ചെയ്ത പോലുള്ള ജോലി ചെയ്തിട്ടില്ല. രാത്രിയും പകലും എന്നില്ലാതെ ഇവര്‍ ജോലി ചെയ്യുന്നു. ഈ കഷ്ടപ്പാടിന് ന്യായമായ വേതനം ഇവര്‍ക്ക് നല്‍കണം'' വിഡി സതീശന്‍ പറഞ്ഞു.
ഓണറേറിയം 21,000 രൂപ ആയി ഉയര്‍ത്തുക, വിരമിക്കല്‍ അനുകൂല്യം നല്‍കുക എന്നിവ സര്‍ക്കാര്‍ അംഗീകരിക്കേണ്ട ആവശ്യങ്ങളാണെന്നും .സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമരം ചെയ്ത ആളുകള്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറയുന്ന മുഖ്യമന്ത്രി മനസിലാക്കേണ്ടത് , ഇത് സ്റ്റാലിന്റെ റഷ്യയല്ല, നമ്മുടെ കേരളമാണ് എന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.