അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് സിഐഡി അന്വേഷിക്കണം:കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി
മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തെഴുതി

മംഗളൂരു: വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം കര്‍ണാടക സി ഐഡി അന്വേഷിക്കണമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇനായത്ത് അലി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും ആഭ്യന്തരമന്ത്രി ജി പരമേശ്വരയ്ക്കും അദ്ദേഹം കത്തെഴുതി. അഷ്‌റഫിന്റെ മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടിട്ടും പോലിസ് കൊലപാതകത്തിന് കേസെടുക്കാതെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹം പ്രതിഷേധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് പോലിസ് സമ്മതിച്ചത്. അതും 24 മണിക്കൂര്‍ കഴിഞ്ഞാണ് അങ്ങനെ എഫ്‌ഐആര്‍ ഇട്ടത്. കേസിലെ പോലിസ് അന്വേഷണം തൃപ്തികരമല്ല. കേസ് ഗൗരവത്തോടെ അന്വേഷിക്കാന്‍ സിഐഡി സംഘം തന്നെ വേണമെന്നും ഇനായത്ത് അലി ആവശ്യപ്പെട്ടു.