ശ്രീനഗറിലെ വീട് കണ്ടുകെട്ടാനുള്ള എന്‍ഐഎ ഉത്തരവിനെതിരേ കശ്മീരി നേതാവ് ആസിയ അന്ദ്രാബി ഡല്‍ഹി ഹൈക്കോടതിയില്‍

Update: 2022-08-03 18:32 GMT

ന്യൂഡല്‍ഹി: ശ്രീനഗറിലെ വസതി കണ്ടുകെട്ടാനുള്ള എന്‍ഐയുടെ ഉത്തരവ് ചോദ്യം ചെയ്ത് കശ്മീരിയെ 'ദുഖതരാനെ മില്ലത്ത്' മേധാവിയായ ആസിയ അന്ദ്രാബി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി എന്‍ഐഎയ്ക്ക് നോട്ടീസ് അയച്ചു. ആസിയയുടെ സഹായിയായ സോഫി ഫെഹ്മീദയുടെ കാര്‍ പിടിച്ചെടുത്തതിനെയും ഹരജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ ജസ്റ്റിസുമാരായ മുക്ത ഗുപ്ത, അനീഷ് ദയാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് എന്‍ഐയുടെ പ്രതികരണം ആരാഞ്ഞിരിക്കുകയാണ്. കേസ് ഇനി സപ്തംബര്‍ 28ന് പരിഗണിക്കും. യുഎപിഎ നിയമപ്രകാരമാണ് അന്ദ്രാബിക്കെതിരേ എന്‍ഐഎ കേസെടുത്തിരിക്കുന്നത്.

അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് വാദിക്കുന്ന 'ദുഖതരാനെ മില്ലത്ത്' എന്ന നിരോധിത സംഘടനയില്‍പ്പെട്ടവരാണ് ആസിയ അന്ദ്രാബിയും സോഫി ഫെഹ്മീദയുമെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. 2019ലാണ് അന്ദ്രാബിയുടെ വീടും ഫെഹ്മീദയുടെ കാറും കണ്ടുകെട്ടാന്‍ എന്‍ഐഎ ഉത്തരവിട്ടിരുന്നത്. ഈ സ്വത്തുക്കള്‍ 'ഭീകരവാദത്തിന്റെ വരുമാനം' ആണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിച്ചുവെന്നുമാണ് എന്‍ഐഎ ആരോപിക്കുന്നത്. എന്‍ഐഎയുടെ നടപടിയെ ചോദ്യംചെയ്ത് അന്ദ്രാബിയും ഫെഹ്മീദയും നിയുക്ത അതോറിറ്റിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.

പട്യാല ഹൗസ് കോടതിയുടെ ഉത്തരവിനെയാണ് ഇവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ ഷാരിഖ് ഇഖ്ബാല്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. തന്റെ വീട്ടില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനെക്കുറിച്ച് തെറ്റായ നിഗമനം നടത്തുകയാണ് പട്യാല ഹൗസ് കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി ചെയ്തതെന്ന് ാസിയ ഹരജിയില്‍ പറയുന്നു. അഭിമുഖം നല്‍കുന്നത് തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ല.

വീട്ടില്‍ അഭിമുഖം നല്‍കുന്നത് തീവ്രവാദ പ്രവര്‍ത്തനത്തിന് തുല്യമാവുമെന്ന പ്രത്യേക ജഡ്ജിയുടെ വ്യാഖ്യാനം തീര്‍ത്തും ശരിയല്ല. മാധ്യമപ്രവര്‍ത്തകരാണ് അഭിമുഖമെടുക്കാന്‍ തന്റെ വീട്ടിലേക്ക് വന്നത്. അതിനാല്‍, തീവ്രവാദം പ്രചരിപ്പിക്കാന്‍ ഹരജിക്കാരി വീട് ഉപയോഗിക്കുകയായിരുന്നുവെന്ന് പറയാനാവില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു നിരോധിത സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനമോ നിരോധിതപ്രവര്‍ത്തനമോ ആയി വിശേഷിപ്പിക്കാനാവില്ലെന്നും ഫെഹ്മീദ ഹരജിയില്‍ പരാമര്‍ശിച്ചു.

Tags:    

Similar News