നിയമസഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ട് 26 മുതല്‍; ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്‌റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവര്‍, വികലാംഗര്‍ എന്നിവര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിങ് മാര്‍ച്ച് 26 മുതല്‍. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവരില്‍ അര്‍ഹരായ സമ്മതിദായകര്‍ക്ക് പ്രത്യേക പോളിങ് ടീം ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും വീടുകളിലെത്തിക്കും.
പോളിങ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ്. ആയോ തപാലിലോ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ സമ്മതിദായകരെ വരണാധികാരികള്‍ മുന്‍കൂട്ടി അറിയിക്കും.
മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫിസര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥന്‍, വിഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണു പോസ്റ്റല്‍ വോട്ടിങ്ങിനായി വീടുകളിലേക്ക് എത്തുന്നത്. കൊവിഡ് പോസിറ്റിവായും ക്വാറന്റൈനില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുന്നതിനു പ്രത്യേക പോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ ബൂത്ത് ലെവല്‍ ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് പോസ്റ്റല്‍ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദര്‍ശിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും നടപടിക്രമങ്ങള്‍ ആരംഭിക്കുക. തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി തുടക്കത്തില്‍ സമ്മതിദായകനോടു വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, ഗം തുടങ്ങിയവയും കൈമാറും. വോട്ടര്‍ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. ഈ പ്രക്രിയ വിഡിയോയില്‍ ചിത്രീകരിക്കും. പോസ്റ്റല്‍ വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍വച്ച് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്നത് ഒരു കാരണവശാലും വിഡിയോയില്‍ ചിത്രീകരിക്കില്ല.
വോട്ടറില്‍നിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പറുകള്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടര്‍ ഇത് ഇലക്ഷന്‍ കമ്മിഷനു കൈമാറുകയും ചെയ്യും.