കൊല്ലത്ത് പോലിസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയില്‍
കൊല്ലം: പുനലൂരില്‍ പോലിസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് പുനലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നിസാറുദ്ദീന്‍ കാര്യറ ജങ്ഷനില്‍ നാട്ടുകാരെ കൈയേറ്റം ചെയ്യുകയും കട അക്രമിക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പുനലൂര്‍ സ്‌റ്റേഷനില്‍ നിന്നും പോലിസെത്തി. പ്രതിയെ തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ പോലിസികാരെ അക്രമിക്കുകയും പോലിസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ സുരേഷ്‌കുമാര്‍, സിപിഒമാരായ വിവേക്, ഗിരീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.പുനലൂര്‍ സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പോലിസുകാരെത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ നിസാറുദ്ദീനെതിരേ നേരത്തെ പോലിസ് കാപ്പ ചുമത്തിയിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കാര്യറ ഭാഗത്ത് ഗുണ്ടാപ്പിരിവ് നടത്താന്‍ ശ്രമിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് അക്രമത്തിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.