വയോധികനു നേരെ ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 20 പേര്‍ക്കെതിരേ കേസ്
തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘം ആക്രമിച്ചത്.
പത്തനംതിട്ട: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വയോധികനെ ആക്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവിനും സംഘത്തിനുമെതിരൊയാണ് കേസ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ സഞ്ജുവിന്റെ നേതൃത്വത്തില്‍ 72 വയസുകാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിനാണ് കേസ്. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘം ആക്രമിച്ചത്. ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ക്കുകയും ചെയ്തു. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമസംഘം വീടിന്റെ മതില്‍ പൊളിച്ചത്. മതില്‍ പൊളിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് രമണന് നേരെ ആക്രമണമുണ്ടായത്. പോലിസിനു മുന്നില്‍ വെച്ചാണ് രമണനെ വെട്ടി പരിക്കേല്‍പ്പിച്ചത്.