കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി;ഒപി ബഹിഷ്‌കരിച്ച് കെജിഎംഒഎ

അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

Update: 2022-06-22 04:16 GMT
കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി;ഒപി ബഹിഷ്‌കരിച്ച് കെജിഎംഒഎ
കൊല്ലം: കൊല്ലം നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്‌സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം. ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനെയും ആക്രമിക്കുകയായിരുന്നു. ഡോ. ഉണ്ണിക്കൃഷ്ണന്‍, ഡ്യൂട്ടി നഴ്‌സ് ശ്യാമിലി എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സിനെ മെഡിസിറ്റി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു.ആക്രമികളെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.ചികില്‍സ നിഷേധിച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.എന്നാല്‍ ചികില്‍സ നിഷേധിച്ചിട്ടില്ലെന്നും, രണ്ടുദിവസംമുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ പേരിലാണ് പ്രകോപനമുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് പോലിസ് സ്ഥലത്ത് എത്തുന്നതിന് മുമ്പായി സംഘം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക് കുമാര്‍ ആശുപത്രിയിലെത്തി ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഒപി സേവനം ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.

അതേസമയം നീണ്ടകര ആശുപത്രിയിലെ ആക്രമണത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും,പോലിസ് കമ്മീഷണറോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Tags: