ഇറാനില്‍ പോലിസ് സ്‌റ്റേഷന് നേരേ സായുധാക്രമണം; 19 മരണം, 32 പേര്‍ക്ക് പരിക്ക്

Update: 2022-10-02 10:20 GMT

തെഹ്‌റാന്‍: ഇറാനില്‍ പോലിസ് സ്‌റ്റേഷന് നേരെയുണ്ടായ സായുധാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഇറാനിലെ പോലിസ് സ്‌റ്റേഷന് നേരേ സായുധര്‍ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ എലൈറ്റ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. അക്രമികള്‍ സഹെദാന്‍ നഗരത്തിലെ പള്ളിക്ക് സമീപം ഒളിച്ചിരുന്ന് പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. 32 കാവല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കേണല്‍ ഹമീദ്രേസ ഹാഷെമി, മുഹമ്മദ് അസര്‍ഷോക്കര്‍, മുഹമ്മദ് അരീഫി, സയീദ് റിഗി എന്നീ റവല്യൂഷണറി ഗാര്‍ഡുകളാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഐആര്‍ജിസി നിയന്ത്രണത്തിലുള്ള സന്നദ്ധ അര്‍ധസൈനിക വിഭാഗമായ ബാസിജിയിലെ അംഗങ്ങളായിരുന്നു അരീഫിയും റിഗിയും. വെള്ളിയാഴ്ച സഹെദാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തതായി ഇറാനിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. പ്രതിഷേധക്കാര്‍ വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതും തുടര്‍ന്ന് ആളുകള്‍ നിലത്ത് രക്തം വാര്‍ന്നുകിടക്കുന്നതുമായ വീഡിയോ യുഎസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് മസിഹ് അലിനെജാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹിജാബ് ധരിക്കാത്തതിനെത്തുടര്‍ന്ന് ഇറാനിയന്‍ യുവതി മഹ്‌സ അമിനി പോലിസ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ ഇറാനില്‍ രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണ്. അതേസമയം, പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് സ്‌റ്റേഷന് നേരേ ആക്രമണം നടന്നത് പ്രവിശ്യാ ഗവര്‍ണര്‍ ഹുസൈന്‍ മൊദാരെസിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ സ്ഥിരീകരിച്ചു.

എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് പിന്നില്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സഹെദാന്റെ തെരുവുകളില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ലക്ഷ്യമിട്ട് 'ആള്‍ക്കൂട്ട കൊലപാതകങ്ങള്‍' റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് തെഹ്‌റാനില്‍ പോലിസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാനികള്‍ കഴിഞ്ഞ രണ്ടാഴ്ചയായി തെരുവില്‍ പ്രക്ഷോഭത്തിലാണ്.

Tags:    

Similar News