ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പോലിസിന്റെ ഇടപെടല്‍.
തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു കാവേരി ഹോസ്റ്റലിലെ ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജവഹര്‍ലാന്‍ നെഹ്ര്ു യൂനിവാഴ്‌സിറ്റി സ്റ്റുഡന്‍ഡ് യൂനിയന്‍, എസ്ഫ്‌ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍, ഐസ തുടങ്ങിയ സംഘടനകളാണ് പരാതി നല്‍കിയത്. ഐപിസി 324, 341, 509, 34 തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
എബിവിപി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രാവിലെ എത്തുമെന്നും പോലിസ് പറഞ്ഞു.
രാം നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. ജെഎന്‍യു കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
മാംസാഹാരം കഴിക്കുന്നതിന് ഹോസ്റ്റലുകളില്‍ നിരോധനമില്ലെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.