കിഴക്കമ്പലത്ത് പോലിസിന് നേരെ ആക്രമണം; കിറ്റക്‌സ് കമ്പനി ഉടമക്കെതിരേ അന്വേഷണം വേണമെന്ന് കുന്നത്തുനാട് എംഎല്‍എ
കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ പോലിസിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ കിറ്റക്‌സ് കമ്പനിഉടമയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്ന് കുന്നത്തുനാട് എംഎല്‍എ ശ്രീനിജിന്‍ ആവശ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ട് സമാനമായ പരാതികള്‍ നേരത്തെയും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലേബര്‍ ഡിപാര്‍ട്ട്‌മെന്റിലെ രേഖയനുസരിച്ച് കമ്പനിയില്‍ നിരവധി ക്രമക്കേട് നടക്കുന്നുണ്ട്. എന്നാല്‍ അതിനെ ചോദ്യം ചെയ്തതുകൊണ്ട് വികസനവിരുദ്ധരായി ചിത്രീകരിക്കാനാണ് ഉടമ ശ്രമിച്ചത്. ആരും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ല, പക്ഷേ, കമ്പനിയുടെ പക്കല്‍ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങളില്ല. അത് പോലിസ് അന്വേഷിക്കണം- എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള കിറ്റക്‌സിലെ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നാട്ടുകാര്‍ക്കും പോലിസിനുമെതിരേ ആക്രമണമഴിച്ചുവിട്ടത്. തൊഴിലാളികള്‍ ഒരു പോലിസ് ജീപ്പ് കത്തിക്കുകയുംചെയ്തു. കൂടുതല്‍ പോലിസ് എത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.