പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ അന്തിമവാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെടുന്നത്. കൊലക്കേസില്‍ 16 പ്രതികളാണുള്ളത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ടുപേരെ വിസ്തരിച്ചു. നാളെ മധുകൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയും. പല കാരണം കൊണ്ട് വിചാരണ വൈകിയ കേസില്‍ അഞ്ചാണ്ടുകള്‍ക്കിപ്പുറം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
കേസില്‍ മൂന്ന് പ്രോസ്യൂട്ടര്‍മാര്‍ പിന്‍മാറിയിരുന്നു. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കം അസാധാരണ സംഭവങ്ങള്‍ ഏറെയുണ്ടായി ഈ കേസില്‍. മജിസ്റ്റീരിയില്‍ അന്വേഷണ റിപോര്‍ട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ചതടക്കമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍. മധുവിന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയിട്ടും പിന്‍മാറാതെയാണ് നിയമപോരാട്ടം അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്നത്.