ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമം; 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വാഹനം ഇടിച്ച് പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനില്‍ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തനംതിട്ട: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടശേരിക്കര പെരുനാട് കൂനംകരയിലാണ് കേസിനാസ്പദമായ സംഭവം.തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി 11ഓടെ പെരുനാട് കൂനംകരക്ക് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം.
വാഹനം ഇടിച്ച് പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനില്‍ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും ളാഹ സ്വദേശികളുമായ ദീപക് കുമാര്‍, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവന്‍ എന്നിവരുടെ പേരില്‍ പെരുനാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി രാജപ്പന്റെ നിര്‍ദേശാനുസരണം പെരുനാട് എസ്എച്ച്ഒ മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെരുനാട് അങ്ങാടിയില്‍ മാര്‍ച്ച് നടത്തി. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.