ഇ പി ജയരാജനെതിരായ വധശ്രമക്കേസ്: ഫര്‍സീന്‍ മജീദ് ഇന്ന് മൊഴി നല്‍കും

Update: 2022-08-24 03:31 GMT

കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് ഇന്ന് കൊല്ലത്തെത്തി മൊഴി നല്‍കും. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ജാമ്യവ്യവസ്ഥയില്‍ ഫര്‍സീന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് മൊഴിയെടുക്കുന്നത്. പോലിസ് ക്ലബ്ബിലാണ് മൊഴിയെടുപ്പ്. ജീവന് ഭീഷണിയുണ്ടെന്നും യാത്രയ്ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ഫര്‍സീന്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് രണ്ട് തവണ വലിയതുറ പോലിസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയുളളതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ മറുപടി നല്‍കിയിരുന്നു. ഇ പി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പോലിസ് ഇ പി ജയരാജനെതിരേ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് കേസെടുത്തത്.

Tags:    

Similar News