മുന്‍ എംഎല്‍എ അസം ഖാന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു

Update: 2022-11-19 08:12 GMT

രാംപൂര്‍: 2019 ലെ വിദ്വേഷപ്രസംഗ കേസില്‍ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസംഖാന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഉത്തര്‍പ്രദേശ് റാംപൂരിലെ വോട്ടര്‍മാരുടെ പട്ടികയില്‍ നിന്നാണ് രാംപൂരില്‍ എംഎല്‍എയായിരുന്ന അസംഖാന്റെ പേര് നീക്കം ചെയ്തിരിക്കുന്നത്. ബിജെപി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ആകാശ് സക്‌സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റാംപൂര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ അസംഖാന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി അസംഖാന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി അപേക്ഷ സമര്‍പ്പിച്ചത്. സക്‌സേന പരാതിയ്‌ക്കൊപ്പം സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം, അസം ഖാനെതിരായ കോടതി വിധിയുടെ പകര്‍പ്പുകളും, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും പരിഗണിച്ചപ്പോള്‍ അസം ഖാന്റെ പേര് നീക്കം ചെയ്യാന്‍ സാധുതയുണ്ട്. അതനുസരിച്ച്, വിധാന്‍ സഭ 37 രാംപൂരിലെ സീരിയല്‍ നമ്പര്‍333 ല്‍ നിന്ന് അസം ഖാന്റെ പേര് ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ പറയുന്നത്. ഇതോടെ തന്റെ പരമ്പരാഗത സീറ്റായ രാംപൂരില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിതരഞ്ഞെടുപ്പില്‍ അസംഖാന് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായി.

2019ലെ വിദ്വേഷ പ്രസംഗ കേസില്‍ കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് റാംപൂര്‍ എംഎല്‍എയായിരുന്ന അസം ഖാനെ അയോഗ്യനാക്കിയിരുന്നു. തന്നെ അയോഗ്യനാക്കിയതിനെതിരേ അസംഖാന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും റാംപൂരിലെ സെഷന്‍സ് കോടതിയോട് ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച സെഷന്‍സ് കോടതി അസംഖാന്റെ അപ്പീല്‍ തള്ളുകയും നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെയാണ് അസം ഖാന്റെ പേര് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.

നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ അസം ഖാന്റെ അടുത്ത അനുയായി അസിം രാജയെ ആണ് എസ്പി മല്‍സരിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം രാംപൂര്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിയായി അസിം രാജ മല്‍സരിച്ചെങ്കിലും ബിജെപിയുടെ ഘന്‍ശ്യാം ലോധിയോട് പരാജയപ്പെട്ടിരുന്നു. 1977 ന് ശേഷം ആദ്യമായാണ് അസം ഖാനോ അദ്ദേഹത്തിന്റെ കുടുംബാംഗമോ അല്ലാത്തൊരാള്‍ രാംപൂര്‍ നിയമസഭാ സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയാവുന്നത്. 1977 മുതല്‍ 2022 വരെ 12 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അസം ഖാന്‍ ഇവിടെ നിന്ന് മല്‍സരിച്ചിട്ടുണ്ട്. അതില്‍ 10 തവണ വിജയിക്കുകയും രണ്ട് തവണ പരാജയപ്പെടുകയും ചെയ്തു. 2019ല്‍ അസം ഖാന്‍ എംപിയായതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ തസീന്‍ ഫാത്തിമ മല്‍സരിച്ച് വിജയിച്ചു.

Tags:    

Similar News