സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി യോഗ ഗുരു ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും
ന്യൂഡല്‍ഹി: സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി യോഗ ഗുരു ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും. ബുധനാഴ്ചയാണ് പത്രങ്ങളില്‍ രാംദേവിന്റെ പുതിയ മാപ്പപേക്ഷ പ്രത്യക്ഷപ്പെട്ടത്. പതഞ്ജലി ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് മാപ്പപേക്ഷ. ഇത്തവണത്തെ മാപ്പപേക്ഷ പരസ്യം കൂടുതല്‍ വലിപ്പത്തിലാണ് നല്‍കിയിരിക്കുന്നത്. പരസ്യം ചെറുതായി നല്‍കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
പരസ്യത്തില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലി ആയുര്‍വേദയുടെ പേരിലും മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഹിമ കോഹ്ലിക്കും അഹ്സുദ്ദീന്‍ അമാനുള്ളക്കും മുമ്പാകെ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിന് 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതല്‍ പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് കോടതി സാധാരണ വലിപ്പത്തിലുള്ള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഇരുവരോടും നിര്‍ദേശിച്ചിരുന്നു. പത്രങ്ങളിലെ പരസ്യങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാനും ഉത്തരവുണ്ടായിരുന്നു. തെറ്റായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രിംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. രാംദേവ് സമര്‍പ്പിച്ച തെറ്റായ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനങ്ങള്‍.