വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ബോര്‍ഡ് പറഞ്ഞു.
ഹിജാബ് നിരോധനം 'പൊതുവെ മുസ് ലിംകളോടും പ്രത്യേകിച്ച് മുസ് ലിം പെണ്‍കുട്ടികളോടുമുള്ള വിവേചനത്തിലേക്ക് നയിക്കുമെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം ഇതിലൂടെ ലംഘിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
'... ഹനഫി, മാലികി, ഷാഫി, ഹംബലി തുടങ്ങിയ എല്ലാ മദ്ഹബുകളിലും മതപണ്ഡിതന്മാര്‍ക്കിടയില്‍ ഹിജാബ് 'വാജിബ്' (നിര്‍ബന്ധം) ആണെന്ന് അഭിപ്രായമുണ്ട്. ഇല്ലെങ്കില്‍ അത് ഒരു കൂട്ടം ബാധ്യതയുമാണ്. പാലിച്ചില്ലെങ്കില്‍പാപവും പാലിക്കാത്തയാള്‍ പാപിയുമാകുന്ന ബാധ്യത.
ഉഡുപ്പിയിലെ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ പഠിക്കുന്ന മുസ് ലിം പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് 'ഇസ് ലാമിക വിശ്വാസത്തില്‍ അനിവാര്യമായ മതാചാരമല്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ഹൈക്കോടതി വിധിച്ചു.