ശ്രീലങ്കയില്‍ സൗന്ദര്യ മത്സരത്തിനിടെ കലഹം; ഒന്നാം സ്ഥാനക്കാരിയുടെ കിരീടം പിടിച്ചുവാങ്ങി രണ്ടാം സ്ഥാനക്കാരിക്ക് നല്‍കി

Update: 2021-04-08 03:53 GMT

കൊളംബോ: മിസിസ്സ് ശ്രീലങ്ക മത്സരത്തിനിടയില്‍ കലഹവും കിരീടം പിടിച്ചുവാങ്ങലും. വിജയി ആയി തെരഞ്ഞെടുക്കപ്പെട്ട യുവതിയില്‍ നിന്നും ബലമായി കിരീടം ഊരിമാറ്റി രണ്ടാം സ്ഥാനത്ത് (ഫസ്റ്റ് റണ്ണറപ്പ്) ഉണ്ടായിരുന്ന യുവതിയെ അണിയിച്ചു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളമ്പോയില്‍ മഹീന്ദ രജപക്‌സെ തിയേറ്ററില്‍ മിസിസ്സ് ശ്രീലങ്കയെ തിരഞ്ഞെടുക്കാന്‍ നടത്തിയ മത്സരത്തിലാണ് സംഭവം.


ശ്രീലങ്കന്‍ വംശജയായ പുഷ്പിക ഡിസില്‍വയ്ക്കാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കന്‍ പട്ടം ലഭിച്ചത്. വിധി പുറത്തുവന്നതോടെ മുന്‍ മിസ്സീസ് ശ്രീലങ്കയും മിസ്സീസ് വേള്‍ഡുമായ കരോലിന്‍ ജൂറിയെ വേദിയിലേക്ക് എത്തുകയും കിരീടമണിയിക്കുകയും ചെയ്തു. എന്നാല്‍ കിരീടധാരണത്തിന് ശേഷം വൈകാതെ തന്നെ മിസ്സീസ് ശ്രീലങ്ക പട്ടം തിരികെ വാങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മത്സരത്തിന്റെ നിയമം അനുസരിച്ച് വിവാഹമോചിതയായ സ്ത്രീയ്ക്ക് ഈ പട്ടം നല്‍കാന്‍ അര്‍ഹതയില്ലെന്ന് അറിയിക്കുകയും ഫസ്റ്റ് റണ്ണറപ്പിന് കിരീടം വച്ച് നല്‍കുകയുമായിരുന്നു.


അതോടെ 31കാരിയായ പുഷ്പികയുടെ തലയില്‍ നിന്നും കരോലിന്‍ ബലമായി കിരീടം ഊരിവാങ്ങി രണ്ടാം സ്ഥാനക്കാരിയെ അണിയിച്ചു. കിരീടം വലിച്ചൂരുന്നതിനിടെ പുഷ്പികയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പിന്നാലെ പുഷ്പിക ഡിസില്‍വ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത് എത്തി. താന്‍ വിവാഹമോചിതയല്ലെന്നും അങ്ങിനെയെങ്കില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചു.


ഇതോടെ വീണ്ടും വിശദീകരണവുമായി സംഘാടകര്‍ രംഗത്ത് വന്നു. പുഷ്പിക വിവാഹമോചിതയല്ലെന്നും അതിനാല്‍ തന്നെ വിജയിയുടെ കിരീടം തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. മിസിസ്സ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.




Tags:    

Similar News