ബംഗാളിലെ ബിജെപി എംഎല്‍എയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എയുടെ ഭാര്യ
കൊല്‍ക്കൊത്ത: വീടിനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ബിജെപി എംഎല്‍എയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചു.
എംഎല്‍എ ദേബേന്ദ്ര നാഥ് റോയിയുടെ ഭാര്യ ചന്ദിമ റോയിയാണ് അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കൊത്ത ഹൈക്കോടതിയെ സമീപിച്ചത്. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന അപേക്ഷയും ഇതോടൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്.
പോലിസ് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചന്ദിമ പറഞ്ഞു.
ഹെംതാബാദ് എംഎല്‍എയായ റോയിയുടെ മൃതദേഹം ഉത്തര്‍ ദിനജ്പുര്‍ ജില്ലയിലെ തന്റെ വീടിനു പുറത്താണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് ബിജെപി നേതാക്കളും എംഎല്‍എയുടെ അടുത്ത അനുയായികളും കൊല്‍ക്കൊത്തയില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സിഐഡി വിഭാഗമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.