ഭ്രമയുഗം: വർത്തമാന കാല രാഷ്ട്രീയം വരച്ചിടുന്ന ചിത്രം

Update: 2024-02-18 08:41 GMT

പി കെ നൗഫൽ

വേട്ടക്കാരൻ്റെയും ഇരകളുടെയും ചൂഷണവും അതിജീവന പോരാട്ടവും കൃത്യമായി വരച്ചുകാട്ടുന്ന രാഷ്ട്രീയ സിനിമയാണ് ഭ്രമയുഗം.

ഒരു നിയമസംഹിതയെയും വിലവയ്ക്കാതെ തൻ്റെ ചെയ്തികളാണ് തൻ്റെ ശരികളെന്ന് ഉറച്ചുവിശ്വസിക്കുന്ന ക്രൂരനായ ഏകാധിപധി ഒരു വശത്ത്.

വ്യത്യസ്ത സാഹചര്യങ്ങളിലൂടെ ഈ ക്രൂരൻ്റെ അടിമകളാക്കപ്പെട്ട ഇരകൾ മറുവശത്ത്.

അടിമത്തം ഉറപ്പിക്കുന്ന 'പകിട കളി' വർത്തമാനകാല ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ ഓർമിപ്പിക്കുന്നു.

നിലനിൽക്കണമെങ്കിൽ അതിജീവനം നടത്തിയേ തീരൂ എന്ന് ഇരകൾ തിരിച്ചറിയുന്നു.

പക്ഷേ, ചരിത്രത്തിലും വർത്തമാനകാലത്തും ഏതൊരു അധിനിവേശവിരുദ്ധ പോരാട്ടത്തിലും സംഭവിക്കുന്ന അപചയങ്ങൾ ഇവിടെയും ആവർത്തിക്കുന്നു.

അതായത്, ഏകാധിപത്യത്തിനെതിരേ ഒരുമിച്ചു പോരാടുന്ന ഇരകൾ, പക്ഷേ, ലക്ഷ്യത്തോടടുക്കുമ്പോഴേക്ക് പ്രധാന ലക്ഷ്യം മറന്ന് തമ്മിലടിച്ച്, ലക്ഷ്യത്തിൽ നിന്ന് അകന്നു പോവുന്ന വർത്തമാനകാല പോരാട്ട രാഷ്ട്രീയത്തിൻ്റെ നേർചിത്രം.

മാത്രമല്ല, വേട്ടക്കാരൻ അഥവാ ചൂഷകൻ എന്നു പറയുന്നത് സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റം വരുന്ന താൽപര്യവൂം മനോഭാവവും കൂടിയാണ് എന്ന് സിനിമ അടിവരയിടുന്നു.

ആ താൽപര്യത്തിനു ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെയും പ്രത്യേക ജനതയുടെയും ' ശരീരം' തന്നെ വേണമെന്നില്ല.

സാഹചര്യങ്ങൾക്കനുസൃതമായി ഈ താൽപര്യം, അല്ലെങ്കിൽ ചൂഷക രാഷ്ട്രീയം വ്യത്യസ്തവിഭാഗങ്ങളെ സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യുന്നു.

ഇരകളാക്കപ്പെട്ടവരിലും വേട്ടക്കാരൻ്റെ താല്പര്യങ്ങൾ കുടികൊള്ളുന്നുണ്ട് എന്നു ചുരുക്കം. ഒരവസരം കിട്ടിയാൽ വേട്ടക്കാരൻ്റെ വേഷം എടൂത്തണിയാൻ തയ്യാറായി നിൽക്കുന്നവരാണ് ഈ ഇരകളിൽ ഒരു വിഭാഗം.

മൂല്യബോധമുള്ളവർക്കേ ഈ താൽപര്യങ്ങളെയും വേട്ടക്കാരൻ്റെ ചൂഷണ മനോഭാവത്തെയും മറികടക്കാൻ പറ്റൂ. അതല്ലാത്തവർ സാഹചര്യം മാറിയാൽ വേട്ടക്കാരായി മാറും.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരകളാക്കപ്പെട്ട ജൂതരാണ് ഇന്ന് ഏറ്റവും ക്രൂരരായ വേട്ടക്കാർ എന്ന യാഥാർത്ഥ്യം നമുക്ക് മുമ്പിലുണ്ട്.

ഈ രീതിയിൽ ചൂഷകരുടെയും ഇരകളുടെയും ചൂഷണവും സ്വാതന്ത്ര്യ പോരാട്ടവും വരച്ചുകാട്ടുന്ന കൃത്യമായ രാഷ്ട്രീയ സിനിമകൂടിയാണ് ഭ്രമയുഗം.

എടുത്തുപറയേണ്ടത്.

ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമ എന്ന ഫീൽ തുടക്കത്തിൽ എഴുതിക്കാണിക്കുമ്പോൾ മാത്രമേ നമുക്ക് ഫീൽ ആവുകയുള്ളൂ. സിനിമ മുന്നോട്ട് പോവുമ്പോൾ അതൊന്നും സിനിമാസ്വാദനത്തെ ബാധിക്കുകയില്ല.

പ്രകടനം: മമ്മൂട്ടിയുടെ ആറ്റികുറുക്കിയ അഭിനയം തന്നെയാണ് ഭ്രമയുഗത്തിൻ്റെ ഹൈലൈറ്റ്. ക്രൂരനും ചൂഷകനുമായ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. തൻ്റെ നോട്ടത്തിലും ചിരിയിലും മൂളലിലും എന്തിനേറെ കണ്ണടച്ചു കിടക്കുന്നതിൽ പോലും എവിടെയും പോറ്റി എന്ന ചൂഷകൻ്റെ, വേട്ടക്കാരൻ്റെ മാനറിസങ്ങൾ.

പോറ്റിയുടെ അസാന്നിധ്യമുള്ള സീനുകളിൽ പോലും പോറ്റിയുടെ അദൃശ്യമായ സാന്നിധ്യം ഫീൽ ചെയ്യുന്ന നിലയ്ക്കുള്ള പരകായപ്രവേശം.

Tags:    

Similar News