മംഗളൂരു വിമാനത്താവളത്തില്‍നിന്ന് രണ്ട് ദിവസത്തിനിടെ പിടിച്ചത് രണ്ടര കിലോയിലേറെ സ്വര്‍ണം

92 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ സ്വര്‍ണമാണ് ഇന്നലെ മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ നിന്ന് പിടികൂടിയത്.

Update: 2021-04-03 19:14 GMT

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ സ്വര്‍ണം. മലയാളികള്‍ അടക്കം മൂന്നു പേരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

92 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ സ്വര്‍ണമാണ് ഇന്നലെ മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ നിന്ന് പിടികൂടിയത്. പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബയില്‍ നിന്ന് എത്തിയപ്പോഴാണു ഇയാളെ അറസ്റ്റ് ചെയ്തത്. രാസവസ്തു ചേര്‍ത്ത് പശ രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീന്‍സ് എന്നിവയില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അബ്ദുള്‍ സലാം മാണിപ്പറമ്പ്, ദുബയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷറഫ് എന്നിവരാണു പിടിയിലായ മലയാളികള്‍. കാസര്‍കോട് സ്വദേശികളായ ഇവര്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് എത്തിയത്.

ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍, ഷൂസിനക്ക് ഒളിപ്പിച്ച ചെയിന്‍ എന്നീ രൂപങ്ങളിലാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. മൊത്തം 26 ലക്ഷത്തിലധികം രൂപ വില വരുന്ന 576 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നു പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയെന്ന് കസ്‌റ്റെംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News