ബീഹാര്‍ മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

Update: 2022-08-16 01:37 GMT
ബീഹാര്‍ മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

പട്‌ന: പുതുതായി സ്ഥാനമേറ്റ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മുപ്പത് എംഎല്‍എമാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. മന്ത്രിമാരില്‍ ഭൂരിപക്ഷവും ആര്‍ജെഡിയില്‍നിന്നായിരിക്കും. രാജ്ഭവനില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടക്കുക.

ചടങ്ങില്‍ ലാലു പ്രസാദ് യാദവ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. ബീഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്കാണ് ഭൂരിപക്ഷം.

മുഖ്യമന്ത്രി അടക്കം 36 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവുക. മുഴുവന്‍ ഒഴിവുകളും ഇപ്പോള്‍ നികത്തുന്നില്ല.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടത്രെ പരിണഗന ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ജനതാദളിലെയും ജെഡി(യു)വിലെയും പ്രധാന നേതാക്കള്‍ മന്ത്രിസഭയിലെത്തിയേക്കും. ഇരുപാര്‍ട്ടികളിലെയും വലിയൊരു ശതമാനം നേതാക്കളും പിന്നാക്ക വിഭാഗത്തില്‍നിന്ന് വരുന്നവരാണ്.

ജെഡി(യു)വിലെ മിക്കവരും മുന്‍സര്‍ക്കാരിലെ മന്ത്രിസഭാ അംഗങ്ങള്‍ തന്നെയാവാനാണ് സാധ്യത. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി നിതീഷ് കുമാറും തേജസ്വി പ്രസാദ് യാദവും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

2015-17 ല്‍ അധികാരത്തിലിരുന്ന സമയത്ത് മന്ത്രിമാരായവര്‍ക്ക് പുതിയ പട്ടികയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. മൂന്നും നാലും തവണ മന്ത്രിമാരായവര്‍ പോലും ആര്‍ജെഡി പട്ടികയിലുണ്ട്.

Tags:    

Similar News