ബീഹാര്‍ തിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മെമ്മോറാണ്ടവുമായി എന്‍ഡിഎ ഇതര പാര്‍ട്ടികള്‍

Update: 2020-07-17 18:21 GMT

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷര്‍ക്ക് മെമ്മോറാണ്ടം നല്‍കി. ബീഹാറിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് നേതാക്കള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമ്പത് പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. രാഷ്ട്രീയ ജനതാദള്‍, സിപിഐ(മാര്‍ക്‌സിസ്റ്റ്), സിപിഐ(എം എല്‍), കോണ്‍ഗ്രസ്, ലോക് തന്ത്രിക് ജനതാദള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, സിപിഐ, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയത്.

ബീഹാര്‍ തിരഞ്ഞെടുപ്പ് സാധാരണ നിലയില്‍ നിന്ന് മാറി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാവുന്നതിനെ പാര്‍ട്ടികള്‍ എതിര്‍ത്തു. തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കണം. തിരഞ്ഞെടുപ്പ് പ്രക്രിയ കൊവിഡ് അതിവ്യാപനത്തിന് കാരണമാവരുത്. ജനങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും കമ്മീഷന്റെ പരിഗണനയിലുണ്ടാവണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സജീവമായ ഒരു ജനാധിപത്യപ്രക്രിയയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രധാന കണ്ണികളാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഒക്ടോബറിലാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

കൊവിഡ് വ്യാപനകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് സംസ്ഥാന, ദേശീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്. ജൂലൈ 31നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 

Tags:    

Similar News