സുശാന്ത് സിങിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍

Update: 2020-08-04 09:26 GMT

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സുശാന്തിന്റെ പിതാവ് സംസ്ഥാന ഡിജിപിയുമായി നേരില്‍ കണ്ടിരുന്നെന്നും അതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നും നിതീഷ് കുമാര്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം കൂടതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സുശാന്തിന്റെ പിതാവ് കെ കെ സിങ്ങ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരും അതേ ആവശ്യം ഉന്നയിച്ചത്. കുടുംബം അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് അതനുസരിച്ച് ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കത്ത് ഇന്നുതന്നെ അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണത്തെ നടന്റെ ബന്ധുകൂടിയായ ബിജെപി എംഎല്‍എ നിരീജ് കുമാര്‍ സിങ് സ്വാഗതം ചെയ്തു. ലോക് ജനശക്തി പാര്‍ട്ടി നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുബൈയില്‍ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗത്തെത്തുടര്‍ന്നുണ്ടായ മാനസികപ്രശ്‌നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. 

Tags:    

Similar News