ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കിയതിനെതിരെ നൽകിയ ഹരജി തള്ളി
ന്യൂഡല്‍ഹി: ഗോധ്രയില്‍ 2002ല്‍ നടന്ന കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രിം കോടതി റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹരജി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവാന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവരാണ് ഹരജി നല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
പ്രതികളെ വിട്ടയച്ച തീരുമാനം ജനുവരി എട്ടിനാണ് സുപ്രിം കോടതി റദ്ദാക്കിയത്. ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹരജി നിലനില്‍ക്കില്ലെന്നും ശിക്ഷായിളവ് റദ്ദാക്കിക്കൊണ്ട് വിശാല ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര ഹാജരായി. വിട്ടയച്ചതിനെതിരെയുള്ള ജനുവരിയിലെ വിധി ഭരണഘടനാ ബെഞ്ചിന്റെ 2002ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ ഭഗവാന്‍ദാസും ബാബുലാലും കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം രാജ്യവ്യാപക വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.ഇതിനെതിരെ ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ച നടപടി റദ്ദാക്കിയത്.