ഇതാണ് സാര്‍ ജാതിബോധം
അനില്‍ രാധാകൃഷ്ണമേനോന് വിഷയത്തില്‍ ജാതിയെവിടെ എന്ന് അമ്പരക്കുന്ന നിഷ്‌കളങ്ക ബുദ്ധികള്‍ ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാത്തവരാണ്. പ്രത്യക്ഷത്തില്‍ സംവിധായക മേനോനോ പ്രിന്‍സിപ്പാളോ മറ്റാരെങ്കിലുമോ ബിനീഷിനെ ജാതിപ്പേര് വിളിച്ചോ മറ്റോ അധിക്ഷേപിച്ചാല്‍ മാത്രമല്ല ജാതിവിവേചനമുണ്ട് എന്നു തിരിച്ചറിയേണ്ടത്- ശ്രീചിത്രജന്‍ എം ജെ എഴുതുന്നു
ശ്രീചിത്രജന്‍ എം ജെ
പാലക്കാട് മെഡിക്കല്‍ കോളേജ് സംഭവത്തിന്റെ പലതരം വായനകള്‍ ഇതിനിടെ വന്നു കഴിഞ്ഞു. പഴയ ഒരു വീഡിയോ ക്ലിപ്പില്‍ പ്രസ്തുത മേനോന്‍ തങ്കപ്പെട്ട മനുഷ്യനാണെന്ന് അദ്ദേഹത്തെയിരുത്തി തന്നെ ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. ആ വീഡിയോ ക്ലിപ്പിനെപ്പറ്റി പുതിയൊരു ക്ലിപ്പില്‍ അങ്ങനെയാണ് താന്‍ കരുതിയിരുന്നതെന്നും ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ലെന്നും ബിനീഷ് പറയുന്നു. സംഭവങ്ങള്‍ നിരീക്ഷിക്കുന്ന 'നിഷ്പക്ഷമതി'കള്‍ വിഷയത്തില്‍ ജാതിയൊന്നൊരു പ്രശ്‌നമേയില്ലെന്ന് നിരീക്ഷിക്കുന്നു. ചിലര്‍ പ്രധാന കുറ്റവാളി പ്രിന്‍സിപ്പാളാണെന്ന് വാദിക്കുന്നു. സംഭവത്തിന്റെ വീഡിയോ ഇത്തരത്തില്‍ പിടിച്ച് പബ്ലിഷ് ചെയ്തതിന്റെ ലക്ഷ്യം തന്നെ വാളയാര്‍ ചര്‍ച്ചയെ അട്ടിമറിക്കലാണെന്ന് മറ്റു ചില സൂക്ഷ്മദൃക്കുകള്‍ കണ്ടെത്തുന്നു. ചിലക്ക് മേനോനങ്ങനെ ചെയ്യുമോ എന്ന നെടുവീര്‍പ്പ് വരുന്നു. ഇങ്ങനെ പല പല വായനകള്‍. ഒരു പ്രിസത്തിലെന്നവണ്ണം ഒരേ വസ്തുവിന്റെ നൂറായിച്ചിതറിയ കാഴ്ച്ചകള്‍. നേരേത് നുണ യേത് വിതയേത് പതിരേതെന്ന് ആര്‍ക്കും മനസ്സിലാക്കാനാവാത്ത വാഗ്‌ലീലകള്‍. ഒര്‍ഹാന്‍ പാമുക് തോറ്റു പോകുന്ന സംഭവപ്പലമകള്‍.
വിര്‍ച്വല്‍ വിവാദങ്ങളുടെ ഗതി ഏറെക്കാലമായി ഇങ്ങനെയായതുകൊണ്ട് ഒരദ്ഭുതവും തോന്നുന്നില്ല. വ്യക്തികള്‍ എന്ന നിലയില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നവരുടെ നന്മ തിന്‍മകള്‍, പരസ്പര ബന്ധങ്ങള്‍ എന്നിവയിലൊന്നും താല്‍പര്യവുമില്ല. ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളേജിലെ പരിപാടിയിലുണ്ടായ സംഭവമെന്ന യഥാര്‍ത്ഥ്യത്തോട് മാത്രമാണ് പ്രതികരിച്ചത്. അതിനപ്പുറവുമിപ്പുറവും വരുന്ന ടിപ്പണികള്‍ക്കല്ല.
ഇക്കാര്യത്തില്‍ ഒരേയൊരു കാര്യത്തെക്കുറിച്ച് അല്‍പ്പം കൂടി: ഈ പ്രശ്‌നത്തില്‍ ജാതിയെവിടെ എന്ന് അമ്പരക്കുന്ന നിഷ്‌കളങ്ക ബുദ്ധികള്‍ ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തിരിച്ചറിയാത്തവരാണ്. പ്രത്യക്ഷത്തില്‍ സംവിധായക മേനോനോ പ്രിന്‍സിപ്പാളോ മറ്റാരെങ്കിലുമോ ബിനീഷിനെ ജാതിപ്പേര് വിളിച്ചോ മറ്റോ അധിക്ഷേപിച്ചാല്‍ മാത്രമല്ല ജാതിവിവേചനമുണ്ട് എന്നു തിരിച്ചറിയേണ്ടത്.
സണ്ണി കപിക്കാട് ലളിതമായൊരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാറുണ്ട്: 'നിങ്ങള്‍ ഒരോഫീസില്‍ കയറിച്ചെല്ലുമ്പോള്‍ അവിടെയുള്ള വെളുത്തു സുമുഖനായ ഉദ്യോഗസ്ഥന്‍ നിങ്ങള്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്ന് പരിചയപ്പെടുന്നു. 'ഹലോ, ഞാന്‍ വിശ്വനാഥ് മേനോന്'
നേരെ മറിച്ച് കറുത്തൊരാള്‍ അതേ സ്ഥാനത്തിരുന്ന് നിങ്ങള്‍ക്ക് കൈ തന്ന് 'ഞാന്‍ ചാക്കോ' എന്ന് പറയുന്നു.
പ്രത്യേകിച്ചൊന്നും ചെയ്യാതെത്തന്നെ നിങ്ങളുടെ മനസ്സില്‍ വിശ്വനാഥ് മേനോന്‍ കൊള്ളാവുന്ന ഒരോഫീസറാണെന്നും നിങ്ങളുടെ കാര്യങ്ങള്‍ നടക്കുമെന്നും ഒരു തോന്നല്‍ രൂപപ്പെടും. നേരെ മറിച്ച് ചാക്കോ ആളത്ര പോരെന്നും കാര്യപ്രാപ്തി കുറവായിരിക്കുമെന്നും ഒരു അതൃപ്തിയും രൂപപ്പെടും. ചിലപ്പോള്‍ വസ്തുത നേരെ തിരിച്ചായിരിക്കും, വിശ്വനാഥ് മേനോന്‍ കാര്യപ്രാപ്തിയില്ലാത്തവനും ചാക്കോ മിടുക്കനുമാവാം. പക്ഷേ, ആദ്യ കാഴ്ച്ചയില്‍ തന്നെ നിങ്ങള്‍ മാര്‍ക്ക് ഇട്ടു കഴിഞ്ഞു. പിന്നെ അതിനെ സാധൂകരിക്കുന്ന പകുതിപ്പണി വിശ്വനാഥ് മേനോന് എടുത്താല്‍ മതി. ചാക്കോയുടെ മേല്‍ നിങ്ങള്‍ കണ്ടയുടനെ ഇട്ട മൈനസ് മാര്‍ക്ക് തിരുത്തപ്പെടണമെങ്കില്‍ അയാള്‍ ഇരട്ടി പ്രകടനം കാഴ്ച്ചവെക്കേണ്ടിയിരിക്കുന്നു. ഇതാണ് ജാതിയുടെ പ്രിവിലേജ്.'
സംവിധായകന്‍ മേനോന് ബിനീഷിനൊപ്പം ഞാന്‍ വേദി പങ്കിടില്ല എന്ന് പറയാനായത്, അതു കേട്ടയുടനേ എന്നാലങ്ങനെത്തന്നെ, ബിനീഷിനെ അനുനയിപ്പിച്ച് റൂമിലിരുത്താം എന്ന് പ്രിന്‍സിപ്പാള്‍ക്ക് തോന്നിയത്, ഇതിനെല്ലാം മുട്ടുമടക്കി കൂട്ടുനില്‍ക്കാന്‍ യൂണിയന്‍ ചെയര്‍മാനും ഭാരവാഹികള്‍ക്കും തോന്നിയത്, ബിനീഷ് വേദിയിലേക്ക് കയറുമ്പോള്‍ പോലീസിനെ വിളിക്കും, സെക്യൂരിറ്റി വിളിക്കും എന്ന് കൈ ചൂണ്ടി വിറയ്ക്കാന്‍ പ്രിന്‍സിപ്പാള്‍ക്ക് കഴിഞ്ഞത്, അത്രയും കണ്ണീരോടെ ഒരു കലാകാരന്‍ പറയുന്നത് കേട്ടിട്ടും ഒരു കയ്യടി മാത്രം നല്‍കി സംവിധായകമേനോന്റെ ബാക്കി പ്രസംഗം കേട്ടിരിക്കാന്‍ ആ സദസ്സിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാകെ തോന്നിയത്, അവസാനം ഇപ്പോള്‍ 'ഇതിലൊക്കെ ജാതിയെവിടെ?' എന്ന് നിങ്ങളില്‍ പലരും ആശ്ചര്യപ്പെടുന്നത്. ഇതിന്റെയെല്ലാം പേരാണ് ജാതിബോധം.