പക്ഷിപ്പനി വരുന്നത് ദേശാടനപ്പക്ഷികൾ വഴി; പക്ഷിവളർത്തൽ നിരോധനം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം

Update: 2024-06-25 12:26 GMT
പക്ഷിപ്പനി വരുന്നത് ദേശാടനപ്പക്ഷികൾ വഴി; പക്ഷിവളർത്തൽ നിരോധനം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാന്‍ കുറച്ചുകാലത്തേക്ക് പക്ഷിവളര്‍ത്തല്‍ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികള്‍ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവര്‍ഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് അവരുടെ നിരീക്ഷണം.  ലോകത്ത് ഒരിടത്തും അത്തരം രീതി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കളക്ടറെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പക്ഷിവളര്‍ത്തല്‍ നിരോധനത്തില്‍നിന്ന് പൂര്‍ണമായും പിന്നോട്ടുപോയിട്ടില്ലെന്നാണ് വിവരം. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനറിപോര്‍ട്ട് കിട്ടിയശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാകില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.

അന്തര്‍ദേശീയതലത്തിലുള്ള മാനദണ്ഡവും ചട്ടവുമനുസരിച്ചാണ് പക്ഷിപ്പനി നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകാരോഗ്യസംഘടനയുടെ അഭിപ്രായവും തേടേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്. തന്നെയുമല്ല, കേന്ദ്രസംഘം വിയോജിപ്പ് അറിയിച്ചതിനാല്‍ തീരുമാനം നടപ്പാക്കല്‍ പ്രായോഗികമാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പക്ഷി വളര്‍ത്തല്‍ താത്കാലികമായി നിരോധിക്കാനുള്ള നീക്കം തുടങ്ങിയപ്പോള്‍ത്തന്നെ എതിര്‍പ്പുമായി കര്‍ഷകര്‍ രംഗത്തുവന്നിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച് ഫാമുകള്‍ക്ക് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിനെതിരേയും കര്‍ഷകര്‍ രംഗത്തുവന്നു.ആരോഗ്യത്തോടെ വളരുന്ന കോഴികളെ കൊല്ലുന്നതാണ് എതിര്‍പ്പിനിടയാക്കിയിട്ടുള്ളത്.

Tags:    

Similar News